KeralaLatest NewsNews

ആവേശമോടെ പൂരം ഒരുക്കങ്ങള്‍: മോടി കൂട്ടി ശക്തൻ്റെ തട്ടകം

തൃശ്ശൂർ: തൃശ്ശൂർ പൂര ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഹോട്ടലുകളില്‍ പെയിൻ്റടിച്ചും അടുക്കളഭാഗം പുതുക്കിയും പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചു കൊണ്ടും പൂര പ്രേമികളെ ആകര്‍ഷിക്കാനുള്ള തിരക്കിലാണ്.

പല ലോഡ്ജുകളും മുറിവാടക മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത വിധം ആഭ്യന്തര ടൂറിസ്റ്റുകള്‍ മുറികള്‍ ബുക്കു ചെയ്തു കഴിഞ്ഞു.

ക്ഷേത്രമൈതാനിയിലുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. തെക്കേഗോപുര നടയിലാണ് ഏറ്റവുമധികം സജ്ജീകരണം. മീഡിയാ പവലിയനുകള്‍ അടക്കം ഒരുക്കിയിട്ടുണ്ട്.

റോഡരുകുകളിലെ ബലം കുറഞ്ഞ മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനു കെ.എസ്.ഇ.ബിയും കോര്‍പ്പറേഷനും നടപടി തുടങ്ങി. മുന്‍വര്‍ഷം പഴയനടക്കാവില്‍ കൂറ്റന്‍ ആലിൻ്റെ കൊമ്പ് ഒടിഞ്ഞുവീണു രണ്ടുപേര്‍ മരിച്ചിരുന്നു. അത്തരം അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്. ക്ഷേത്രമൈതാനിയിലെ ചില മരങ്ങളുടെ താഴ്ന്നു നില്‍ക്കുന്ന കൊമ്പുകള്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് മുറിച്ചുമാറ്റി.

ഇലഞ്ഞിത്തറ മേളം, മറ്റ് എഴുന്നള്ളിപ്പുകള്‍ എന്നിവയ്ക്കായി വടക്കുംനാഥ ക്ഷേത്രത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വെടിക്കെട്ട് നടത്തുന്ന സ്ഥലങ്ങളില്‍ ബാരിക്കേഡ് കെട്ടി ജനത്തെ നിയന്ത്രിക്കാനും സജ്ജീകരണമായി.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഗോപുരങ്ങള്‍ ദീപാലംകൃതമാണ്. ക്ഷേത്രചുമരുകളില്‍ പെയിന്റ് അടിച്ച് മോടി കൂട്ടി. സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനവും ഉറപ്പുവരുത്തി. ക്ഷേത്രപരിസരത്തു വരുന്നവരടക്കം സി.സി.ടി.വി കാമറകളില്‍ പതിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button