KeralaCinemaMollywoodLatest NewsNewsEntertainment

‘എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്’: ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ, നടൻ ഉണ്ണി രാജൻ ഇനി പുതിയ വേഷത്തിൽ

കണ്ണൂര്‍: ‘ഒരു ജോലി എന്റെ സ്വപ്നമാണ് സർ. എല്ലാ തൊഴിലിനും അതിന്റെ മഹത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ…?’, കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കായി ഇന്റര്‍വ്യൂനെത്തിയ ‘വി.ഐ.പി’യുടെ വാക്കുകളാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് കഥയിലെ താരം.

Also read:താജ്മഹൽ ഉണ്ടാക്കിയത് ‘തേജോ മഹാലയ’ ശിവക്ഷേത്രം പൊളിച്ച്: പരിശോധിക്കാൻ കോടതിയിൽ ഹർജി

കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനു മുന്നിലെത്തി. എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായാണ് ഉണ്ണി ഇന്റര്‍വ്യൂവിൽ പങ്കെടുത്തത്. പതിനൊന്ന് പേരിൽ ഒരാളായിരുന്നു ഉണ്ണി. ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്‌കാവഞ്ചര്‍’ എന്ന പോസ്റ്റിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. അതുകൊണ്ട് തന്നെ ഉണ്ണിയെ കണ്ട് ഇന്റര്‍വ്യൂബോര്‍ഡ് അംഗങ്ങൾ ഞെട്ടി. മാതൃഭൂമി ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ജോലിയെ കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു നടന്റെ മറുപടി. ഒരു ജോലി തന്റെ സ്വപ്‌നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനോട് പറഞ്ഞു. സീരിയിലില്‍ നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ലെന്നും, ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ലെന്നും താരം പറഞ്ഞു. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും.

shortlink

Post Your Comments


Back to top button