Latest NewsIndia

കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രാജിവെച്ച മുൻ മന്ത്രി ബിജെപിയില്‍

പാർട്ടിയിൽ നിന്ന് രാജിവച്ച പ്രമോദ് മധ്വരാജ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു.

ഉഡുപ്പി: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ കോൺഗ്രസിന് തിരിച്ചടിയായി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമോദ് മധ്വരാജിന്‍റെ രാജി. പാർട്ടിയിൽ നിന്ന് രാജിവച്ച പ്രമോദ് മധ്വരാജ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു. മണിക്കൂറുകൾക്കകം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുകയായിരുന്നു.

വെള്ളിയാഴ്ച, മാൽപെ ബീച്ചിൽ സംസ്ഥാനത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്യുമ്പോൾ ഉഡുപ്പി ബിജെപി എംഎൽഎ കെ.രഘുപതി ഭട്ടിനൊപ്പം മധ്വരാജും ഉണ്ടായിരുന്നു. ഉഡുപ്പി സ്വദേശിയായ മധ്വരാജ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ഫിഷറീസ്, കായികം, യുവജന ശാക്തീകരണ മന്ത്രിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

പാർട്ടിയിൽ രാഷ്‌ട്രീയ വീർപ്പുമുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് അടുത്തിടെ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റായി നിയമിതനായ മധ്വരാജ് രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഉഡുപ്പി ജില്ല കോൺഗ്രസിലെ സാഹചര്യം തനിക്ക് വളരെ മോശം അനുഭവമാണ് സമ്മാനിച്ചത്. അതിന്‍റെ വസ്‌തുതകൾ ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ താൻ അറിയിച്ചതാണ്.

എന്നാൽ, പരാതി പരിഹാരിക്കാൻ വേണ്ട നടപടികളൊന്നും പാർട്ടി സ്വീകരിച്ചിട്ടില്ല. ഉഡുപ്പിയിലെ സാഹചര്യങ്ങൾ കാരണം കോൺഗ്രസിൽ തുടരാനും, അടുത്തിടെ തനിക്ക് ചുമതലപ്പെടുത്തിയ പദവിയോട് നീതി പുലർത്താനും കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ, വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പാർട്ടിയിൽ നിന്നും രാജി വെക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിന് നൽകിയ രാജിക്കത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം വിശ്വേശ തീർത്ഥ സ്വാമിജിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രമോദ് മധ്വരാജ് പ്രശംസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button