Latest NewsKeralaNews

പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് മന്ത്രി വീണാ ജോർജ്

പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകൾ നടത്തണം

തിരുവനന്തപുരം: എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകർച്ചവ്യാധി കൂടാൻ സാധ്യതയുള്ള സാഹചര്യം മുന്നിൽ കണ്ട് ജില്ലകൾ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Read Also: യുഎപിഎയും റദ്ദാക്കണം: രാജ്യദ്രോഹത്തിനെതിരായ നിയമം, സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകൾ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും നിർദ്ദേശം നൽകി. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എൻ1, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസർഗോഡ്, തൃശൂർ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തത്. കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളും ശ്രദ്ധിക്കണം. നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേൽക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു: മെഹ്നാസിന് ദുബായിൽ മറ്റൊരു ബന്ധമുണ്ടെന്ന ആരോപണവുമായി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button