KeralaLatest News

മതനിയമം അനുശാസിക്കുന്ന തരത്തിൽ കൊലപ്പെടുത്തും:  റഫീഖ് കൊലക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കും പ്രോസിക്യൂട്ടർക്കും ഭീഷണി

നെയ്യാറ്റിൻകര: കാരയ്‌ക്കാമണ്ഡപം റഫീഖ് കൊലക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്കും പബ്ലിക് പ്രോസിക്യൂട്ടർക്കും അജ്ഞാതരുടെ വധഭീഷണി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജി എസ്. സുഭാഷിനും പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദിനുമാണ് ഇന്നലെ നെയ്യാറ്റിൻകരയിലെ ഓഫീസ് വിലാസത്തിൽ കത്ത് ലഭിച്ചത്. ഇരുവരെയും മതനിയമം അനുശാസിക്കുന്ന തരത്തിൽ കൊലപ്പെടുത്തുമെന്ന ഉള്ളടക്കമുള്ള കത്ത് പൊലീസിന് കൈമാറി.

സലാഹുദ്ദീന് നേരെ മുമ്പും വധഭീഷണി ഉണ്ടായിട്ടുണ്ട്. നാലാം പ്രതിയുടെ ബന്ധു ദിവസങ്ങൾക്ക് മുമ്പ്, സലാഹുദ്ദീനെ ഭീഷണിപ്പെടുത്തിയിരുന്നു. മുട്ടത്തറയിലെ വീട്ടിൽ നിന്ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് നാലാം പ്രതി മാലിക്കിന്റെ ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയത്. കാരയ്‌ക്കാമണ്ഡപം സ്വദേശി റഫീഖിനെ മർദ്ദിച്ച് റോഡിലിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികളെയാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

വിധി പുറപ്പെടുവിച്ച ഇക്കഴിഞ്ഞ മേയ്‌ 6 ന് കോടതിമുറ്റത്ത് ഇരുവിഭാഗങ്ങളിലെയും ആളുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. 2016 ഒക്ടോബർ 7ന് നടന്ന കൊലപാതകത്തിൽ നേമം പൊലീസ് സമർപ്പിച്ച കുറ്റപത്രം തള്ളിയ ഹൈക്കോടതി തുടരന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ദിനിൽ നൽകിയ കുറ്റപത്രത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. വിചാരണ നടക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button