KeralaLatest NewsNewsKadhakalLiteratureWriters' Corner

‘ആ വണ്ടി അകന്ന ശേഷമാണ് അയാൾ അറിഞ്ഞത്, സ്വന്തം മകന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് അവന്‍റെ അമ്മയെ ആണെന്ന്..!’

സജയന്‍ എളനാട്

റോഡരികിലൂടെ രണ്ട് സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടു. അവരുടെ തലയില്‍ കുടങ്ങള്‍ ഉണ്ട്, വെറുതെ അവരെ ഓവര്‍ ടേയ്ക്ക് ചെയ്യാന്‍ ശ്രമിച്ചു . എത്ര വേഗത കൂട്ടിയിട്ടും അതിനു കഴിഞ്ഞില്ല. അവരൊന്ന് തിരിഞ്ഞു നോക്കി. പക്ഷെ മുഖം വ്യക്തമായില്ല. പെട്ടെന്ന് അവരെ കാണാതായി, താഴേയ്ക്ക് ഇറങ്ങിയെന്ന് സംശയിച്ചു. പക്ഷെ, അതിലെ ഒരു വഴിയുണ്ടായിരുന്നില്ല. വണ്ടി നിര്‍ത്തി, ഒന്ന് കൂടി നോക്കി. ഇല്ല, ആരുമില്ല ! കരിമ്പ് തോട്ടങ്ങള്‍ കഴിഞ്ഞ് തരിശ്ശ് ഇടമാണ് രണ്ട് വശത്തും. മുള്ളുകള്‍ നിറഞ്ഞ് ഇലകള്‍ കുറവായ മരങ്ങള്‍ നില്‍ക്കുന്നു. വലതു വശത്തായി പാറകള്‍ കൊണ്ട് വന്ന് കൂട്ടിയത് പൊലെ തകര്‍ന്ന് പോയ ഒരു മലയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്. അവരെവിടേ പോയി? സാര്‍ വരച്ച മാപ്പ് എടുത്ത് നോക്കി. ഇനിയും 6 കിലോമീറ്റര്‍ ഉണ്ട്. നേരെ… അത് കഴിഞ്ഞ് വലത്തോട്ട് ഒന്നര കിലോമീറ്റര്‍ കൂടി. കാര്‍ മുന്നോട്ട് എടുത്തു.

വലിയ തിരക്കുകള്‍ക്ക് ശേഷം ഡെല്‍ഹിയിലെ തണുത്ത ഒരു രാത്രി 3 പെഗ്ഗ് റമ്മിന്‍റെ ഒപ്പമാണ് ഡയറി തുറന്നത്. ആദ്യ പേജ് ചരിത്രമാണെന്ന് തോന്നി, ഒരല്‍പ്പം ബോറടിച്ചു, പക്ഷെ പിന്നീട് അത് അന്ന് രാത്രി മുഴുവന്‍ വായിച്ചു. സത്യമംഗലം, സത്തി എന്ന ഇന്നത്തെ തമിഴ്നാട്ടിലെ സ്ഥലം ടിപ്പു സുല്‍ത്താന്‍റെ അധീനതയിലായിരുന്നു. അദ്ദേഹത്തിന്‍റെ മരണം വരെ. അവരുടെ രാജ്യത്തിന്‍റെ തെക്കെ അറ്റം.. ഇന്നത്തെ കേരളത്തിലെയ്ക്കുള്ള യാത്രയിലെ തന്ത്ര പ്രധാനമായ ആ ഇടം, ടിപ്പു അധികാരമേറ്റത്തിന് ശേഷം പല തവണ ബ്രിട്ടീഷ്കാരായി യുദ്ധം നടന്നിരുന്നു. ആ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ടിപ്പുവുമായി അടുപ്പമായിരുന്ന ഒരു നാട്ട് പ്രമാണിയായിരുന്നു ശിവപ്പ ഗൌണ്ടര്‍. അയ്യംപട്ടി എന്ന ഗ്രാമത്തിന്‍റെ അധിപന്‍. ടിപ്പു സുല്‍ത്താനു മുൻപ് കൊങ്ങ് നാടിന്‍റെ അധിപരായിരുന്ന മധുര നായ്ക്കരിലെ പത്താമത്തെ രാജാവായ മുത്തു വിരപ്പ നായ്ക്കരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലായിരുന്നു അവിടം. ശിവപ്പ എന്ന പേര്‍ അങ്ങിനെയാണ് ലഭിച്ചത്. എന്നാല്‍, അവര്‍ കൊങ്ങു വെള്ളാലര്‍ സ്ത്രീകളെ വിവാഹം കഴിയ്ക്കുകയും പിന്നീട്, ഗൌണ്ടര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

കൊങ്ങ് നാട് പിടിച്ച് ആദ്യമായി പുതിയ ഒരു പാതയിലൂടെ വന്ന ടിപ്പുവിന്‍റെ സൈന്യം ഗൌണ്ടറുടെ ആസ്തി കണ്ട് അവിടെ പിടിച്ചെടുക്കാനായി ശ്രമിച്ചെന്നും, ചെറുത്ത് നില്‍ക്കാന്‍ സൈന്യമോ മറ്റൊന്നുമില്ലായിരുന്നിട്ടും അവര്‍ക്ക് അതിനു കഴിഞ്ഞില്ല. കാരണം, കുതിരകള്‍ എന്തിനെയോ കണ്ട് വിരണ്ട് ഓടുകയും സൈന്യകര്‍ക്ക് അജ്ഞാതമായ അസുഖങ്ങള്‍ ബാധിയ്ക്കുകയും ചെയ്തു. സൈനിക തലവന്മാര്‍ പൊലീസിന്‍റെ അധികാരിയായ മന്ത്രി അയ്യങ്കാരോട് വിവരം അറിയിക്കുകയും ബുദ്ധിമാനായ അയ്യങ്കാര്‍ അതിലെന്തോ രഹസ്യ സ്വഭാവമുണ്ട് എന്ന് മനസ്സിലാക്കി, അതിന്‍റെ പിന്നില്‍ ഒരു അജ്ഞ്ഞാത ശക്തി എന്ന് കരുതുകയും, ഒരു പ്രത്യേക ദൂതനെ വിട്ട് സംസാരിച്ച്, ഗൌണ്ടറോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. കടുത്ത വീര കാളിയമ്മന്‍ ഭക്തനായ ഗൌണ്ടറെ ദേവി രക്ഷിച്ചു എന്നാണ് കരുതപ്പെടുന്നത്. അതിനു ശേഷം എല്ലാവിധ സഹായങ്ങളും പരസ്പ്പരം ചെയ്ത് ആ ബന്ധം നന്നായി നടന്നു.

അങ്ങിനെയാണ് 1790 സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ നീണ്ട് നിന്ന കമ്പനിയുമായ യുദ്ധത്തില്‍ ടിപ്പു ജയിച്ചത്. 500 പേരെയോളം കമ്പനിയ്ക്ക് നഷ്ടമായതും. ഗൌണ്ടറെ ബ്രിട്ടീഷുകാർ കാര്യമാക്കിയിരുന്നില്ല. ഒരു സൈനികന്‍ പോലുമില്ലാത്ത ഒരു നാട്ട് പ്രമാണിയായ കര്‍ഷകന്‍ എന്നേ കരുതിയിരുന്നുള്ളൂ. 1799 ഇല്‍ ടിപ്പു സുല്‍ത്താന്‍ മരിയ്ക്കുമ്പോള്‍ ഗൌണ്ടര്‍ക്ക് 60 വയസ്സ് പ്രായമുണ്ടെങ്കിലും ഒരു മകന്‍ ജനിയ്ക്കുന്നത് അപ്പോഴാണ്. മൂന്ന് ഭാര്യമാരിലായി 9 പെണ്‍മക്കളും 1 ആണ്‍ കുട്ടിയുമാണ് ഗൌണ്ടര്‍ക്ക് ഉണ്ടായിരുന്നത്. ദേവീ ഭക്തനായ ഗൌണ്ടര്‍ക്ക് ദേവി പെണ്‍മക്കളെയാണ് നല്‍കുന്നത് എന്നായിരുന്നു വിശ്വാസം. ആദ്യ രണ്ട് ഭാര്യമാരും മൂന്ന് പെണ്‍കുട്ടികളെ വീതം പ്രസവിച്ച് മരിച്ച് പോയി. മൂന്നാമത്തെ വിവാഹത്തിലും മൂന്ന് പെണ്‍കുട്ടികളായപ്പോല്‍ ഗൌണ്ടര്‍ പഴനി മുരുകനെ ഭജിയ്ക്കാന്‍ ആരംഭിച്ചു. അങ്ങിനെയാണ് മകന്‍ ജനിച്ചത്, അവന് മുരുകവേല്‍ എന്ന് പേരിട്ടു. 1820 ഇല്‍ 81 ആം മത്തെ വയസ്സിലാണ് ഗൌണ്ടര്‍ മരിയ്ക്കുന്നത്. അതിനു മുൻപ് മകനെ വിവാഹം കഴിപ്പിച്ചു. മകന്‍റെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിയുമ്പോഴായിരുന്നു ശിവപ്പയുടെ മരണം. മരുമകള്‍ അപ്പോള്‍ 6 മാസം ഗര്‍ഭിണിയായിരുന്നു. സ്വന്തം മകനോട് വംശം നില നിര്‍ത്താന്‍ ഒരു ആണ്‍ കുഞ്ഞുണ്ടാകണം എന്നാണ് മരണ സമയത്തും ശിവപ്പ പറഞ്ഞത്. പക്ഷെ ഒരു പെണ്‍ കുഞ്ഞാണ് ജനിച്ചത്. അത് മാത്രമല്ല മുരുകവേല്‍ ഗൌണ്ടരൂടെ ഭാര്യ പക്ഷെ പിന്നീട് പ്രസവിച്ചില്ല.

അത് കൊണ്ട് തന്നെ മുരുക വേല്‍ ഗൌണ്ടര്‍ മറ്റൊരു വിവാഹം കഴിച്ചില്ല. ൧൬ വയസ്സില്‍ മകള്‍ വീര ലക്ഷ്മിയെ ഗൌണ്ടര്‍ മൈസൂരിലേയ്ക്ക് വിവാഹം കഴിപ്പിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1840 ഇല്‍ വീര ലക്ഷ്മിയ്ക്ക് ഒരു മകള്‍ ജനിച്ചു. കാവേരി എന്ന പേരായിരുന്നു അവളുടെ. പക്ഷെ അതിനിടയില്‍ ഗൌണ്ടര്‍ എവിടേയോ ഒരു ദൂര യാത്രയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ പെട്ടന്ന് മഴ പെയ്യുകയും കുതിര വണ്ടി യാത്ര തുടരാനാകാതിരിയ്ക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന കാര്യസ്ഥന്‍ അടുത്ത ഒരു വീട്ടില്‍ സുരക്ഷിതനായി ഗൌണ്ടറെ താമസിപ്പിച്ചു. ഒരമ്മയും മകളും മാത്രമായിരുന്ന ആ വീട്ടില്‍ താമസിച്ച ഗൌണ്ടര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയോട് അടുപ്പമാകുകയും അതില്‍ ഒരാണ്‍കുട്ടി ജനിയ്ക്കുകയും ചെയ്തു. അവര്‍ക്ക് ആവശ്യമായതെല്ലാം ഗൌണ്ടര്‍ നല്‍കി സഹായിച്ചു. ആ പയ്യനു പഴനിമല എന്ന പേരാണിട്ടിരുന്നത്. എന്ത് കൊണ്ടോ ഗൌണ്ടര്‍ എന്ന പേര്‍ അയാള്‍ക്ക് നല്‍കിയില്ല.

പഴനിമല പൊക്കം കുറഞ്ഞ്, കറുത്ത് തടിച്ച പ്രക്യതമായിരുന്നു. കാവേരിയും പഴനിമലയും രണ്ടര വയസ്സ് വ്യത്യാസമുണ്ടായിരുന്നു. അയാളും അമ്മയും ഒരിയ്ക്കലും ഗൌണ്ടറെ അന്വേഷിച്ചു പോകുകയുണ്ടായില്ല. എന്നാല്‍, അവര്‍ക്ക് ജീവിയ്ക്കാനായി സ്ഥലവും പണവും ഗൌണ്ടര്‍ നല്‍കിയിട്ടുണ്ടായിരുന്നു. പഴനിമല അതില്‍ പണിയെടുക്കുകയും നായാട്ട് പോലുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ തോക്ക് ഉപയോഗിയ്ക്കാന്‍ പഴനിമല പഠിച്ചു, ഗൌണ്ടര്‍ തന്നെയാണ് അത് നല്‍കിയത്. പുതിയ തോക്കുകള്‍ ഉണ്ടാക്കാനും പഴയത് റിപ്പയര്‍ ചെയ്യാനും പഴനിമലയ്ക്ക് വലിയ കഴിവായിരുന്നു. അക്കാലത്ത് മൈസൂരില്‍ ഉണ്ടായ ഒരു പകര്‍ച്ച വ്യാധിയില്‍ വീര ലക്ഷ്മിയും ഭര്‍ത്താവും ആ പ്രദേശത്തെ ഒരുപാട് പേരും മരിച്ചു. കവേരി മാത്രം അതില്‍ നിന്ന് രക്ഷപെട്ടു. ഏഴു വയസ്സ് പ്രായമുള്ള പേര കുഞ്ഞിനെ ഗൌണ്ടര്‍ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ട് വന്നു. പേര കുഞ്ഞിനെ കൊണ്ട് വരുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഗൌണ്ടറുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. പക്ഷെ പ്രസവത്തില്‍ അവരും ആ കുഞ്ഞും മരിച്ചു. അതും ഒരാണ്‍ കുഞ്ഞ്. ഭാര്യ മരിച്ചതോടേ ഗൌണ്ട്ര്‍ മാനസികമായി തളര്‍ന്നു. ഒന്നിനും ശ്രദ്ധയില്ലാതെ ആയി. അത് മാത്രമല്ല, കാവേരി ഒരു നിര്‍ഭാഗ്യയായ പെണ്‍കുട്ടിയാണെന്നും അവള്‍ മൂലം എല്ലാം നശിയ്ക്കും എന്ന്
എതോ ജ്യൊത്സ്യന്‍ പറഞ്ഞത് ഗൌണ്ടറുടെ തളര്‍ച്ച കൂടുതലാക്കി. കാവേരി വളര്‍ന്നത് പണിക്കരുടെ കൂടെയും അവരുടെ മാത്രം ശ്രദ്ധയിലുമായിരുന്നു. കൊട്ടാരം പോലുള്ള വീട്ടിലെ മാട് മെയ്ക്കുന്നവരും, മറ്റ് പണികള്‍ക്കായുള്ളവരും ഒക്കെ പലപ്പോഴും നടത്തുന്ന കാമ കേളികള്‍ക്ക് സാക്ഷ്യം വഹിച്ചതിന്‍റെ ജിജ്ഞാസയോ, അതോ ദുരുപയോഗം ചെയ്യപ്പെട്ടതോ എന്നറിയില്ല, 13 വയസ്സില്‍ കാവേരി ഗര്‍ഭിണിയായി …!

അത് ആരു ചെയ്തെന്ന് അവള്‍ പറഞ്ഞില്ല. അത് കണ്ടെത്താനും കഴിഞ്ഞില്ല.

സത്യത്തില്‍ എഴുതിയിരുന്ന കാര്യങ്ങളല്ലായിരുന്നു, അത് വരെ വായനയെ മുന്നോട്ട് കൊണ്ട് പോയിരുന്നത്. മനോഹരമായ കയ്യക്ഷരം , മനോഹരമായ ശൈലി. ഇപ്പോ ഓര്‍ത്തെടുക്കുമ്പോള്‍ സാര്‍ എഴുതിയിട്ട ഒരു ബിംബങ്ങളും ഉണ്ടായില്ല. എത്രയോ പേജുകളിലായി എഴുതിയിട്ടത് പെട്ടെന്ന് ഒരുപാട് മുന്നോട്ട് പോയി. പൊടുന്നനെയാണ് റോഡില്‍ പൊടിക്കാറ്റ് വീശിയത്. അത് കാഴ്ചയെ മറച്ചു. എതിരെ ഒരു വണ്ടി വന്നാല്‍ ഇടിയ്ക്കാനാണ് സാധ്യത. കാര്‍ നിര്‍ത്തിയിട്ടു. അത് മാറിയപ്പോള്‍ റോഡിനു നടുവില്‍ ഒരു വലിയ കാള നില്‍ക്കുന്നു. ഹോണ്‍ അടിച്ചിട്ടൊന്നും മാറുന്ന ലക്ഷണമില്ല .. പതിയെ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒന്ന് തല വെട്ടിച്ചു നോക്കി. മുന്നിലേയ്ക്ക് തന്നെ കാര്‍ പതിയെ എടുത്തു. പിന്‍ ഭാഗത്ത് ഉരയും എന്ന് തോന്നി , അനങ്ങാതെയുള്ള നില്‍പ്പ് കണ്ടപ്പോള്‍ തട്ടിയാല്‍ തട്ടട്ടെ എന്ന് തന്നെ കരുതി. പജേറോ സ്പോര്‍ട്ട്നു അങ്ങിനെ യൊന്നും സംഭവിയ്ക്കില്ല. പക്ഷെ പിന്നിലെ ഗ്ലാസ്സിലെ കാഴ്ച അത് വേണ്ടെന്ന് വെച്ചു ഒരുപാട് കാളകള്‍ നിൽക്കുന്നു. അവ ഒരുമിച്ച് വന്ന് ആക്രമിക്കും എന്നതാണ് ഭാവമെന്ന് തോന്നി. കിട്ടാവുന്ന സൌകര്യത്തില്‍ റോഡിന്‍റെ അരികിലേയ്ക്ക് ഇട്ട് വണ്ടിയില്‍ നിന്ന് ഇറങ്ങാതിരുന്നു. ഒരു നിമിഷം കഴിഞ്ഞ് കാണില്ല, എവിടെ നിന്നോ ഒരു പട്ടി ഓടി വന്നു. നെറ്റിയില്‍ ഒരു കറുത്ത മറുകുള്ള അത് കാളയുടെ മുന്നില്‍ വന്ന് നിന്നൊന്ന് കുരച്ചു, കാള തിരിഞ്ഞ് വേഗം പോയി. പിന്നില്‍ നോക്കിയപ്പോള്‍ ആ പട്ടി മുകളിലേയ്ക്ക് നോക്കി ഓരിയിട്ടു. അതിന്‍റെ അലകള്‍ ദൂരങ്ങളില്‍ നിന്ന് പ്രതിധ്വനിച്ചു.

കുപ്പിയിലെ വെള്ളത്തിനായി കൈ അറിയാതെ നീണ്ടു. എടുത്ത് കുടിച്ചു. റോഡരികില്‍ നിന്ന് ഒരല്‍പ്പം അകലെയായി ഒരു വലിയ ചതുരം പോലെ ഇരിടം. പഴയകാല വലിയ നിര്‍മ്മിതികളുടെ ബാക്കി പത്രം എന്നത് പോലെ. ചുറ്റും ഒരാളും ഇതേവരെ ഇല്ല. വണ്ടി താഴേയ്ക്ക് ഇറക്കി. ഒരുപാട് അവശിഷ്ടങ്ങള്‍ കിടക്കുന്നു.

സാറിന്‍റെ ഡയറിയില്‍ ഓരോ പേജിനും റഫറന്സ് പോലെ മറ്റ് കുറിപ്പുകള്‍ ഉണ്ട്. വീര കാളിയമ്മന്‍ ക്ഷേത്രം മനസ്സിലായത് അങ്ങിനെയാണ്.

‘പഴയ കാല ഗ്രാമവും, അതിലെ വഴികളും ഇപ്പോഴത്തെ പോലെ ആയിരുന്നില്ല. അത് കൊണ്ട് തന്നെ പല അവശിഷ്ടങ്ങളും ഇപ്പൊ കാണുന്നത് വെച്ച് നോക്കിയാല്‍ അതെങ്ങിനെ അവിടെ വന്നൂ എന്ന് നിനക്ക് തോന്നാം. ഞാന്‍ കണ്ടെത്തിയത് മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്’.

മാപ്പില്‍ ഇത് മൈസൂര്‍ പടയാളികളുടെ താവളമാണ്. ഒരുപാട് പേര്‍ക്ക് താമസിയ്ക്കാനുള്ള സൌകര്യം അതിനുണ്ട്. ഡിജിറ്റല്‍ ക്യാമറ എടുത്ത് കുറച്ച് ഫോട്ടോസ് എടുത്തു. വണ്ടി തിരിച്ച് റോഡില്‍ കയറ്റി, മുന്നോട്ട് പോയി വലത്തോട്ടേയ്ക്ക് തിരിയേണ്ട റോഡ് വന്നു. അവിടെ പക്ഷെ 4 കുട്ടികള്‍ കളിയ്ക്കുന്നു, പുറം തിരിഞ്ഞ് നിന്നിരുന്നവര്‍ കാര്‍ അടുത്തെത്തിയപ്പോള്‍ തിരിഞ്ഞ് നിന്നു. 4 പേര്‍ക്കും ഒരേ മുഖം, തിരിച്ചറിയാന്‍ കഴിയാത്ത വിധം സാമ്യം . ..!! അവരുടേ അടുത്ത് വണ്ടി നിര്‍ത്തിയതും അവര്‍ പേടിച്ചത് പോലെ ഓടിപ്പോയി.

ചക്രവാളത്തിലേയ്ക്ക് സൂര്യന്‍ താഴ്ന്ന് തുടങ്ങി. പാപികളുടെ ആശ്രമം എന്ന് മലയാളത്തിലും അതില്‍ പാപികളുടെ എന്നത് ചെറുതും ആശ്രമം എന്നത് വലുതായും ഒരേപോലെ തമിഴിലും എഴുതിവെച്ചിരിയ്ക്കുന്ന ഒരു കവാടത്തിലെത്തിയപ്പോള്‍ നെറ്റിയില്‍ കറുത്ത മറുകുള്ള പട്ടി
അവിടെ കിടന്നിരുന്നു. വണ്ടി കണ്ടപ്പോള്‍ എഴുന്നേറ്റ് മാറി പോയി. മുൻപ് കണ്ടത് തന്നേയാണോ എന്ന് ഉറപ്പില്ല. ഗേറ്റ് ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വണ്ടി ഉള്ളിലേയ്ക്ക് കയറ്റി. ഇരുപത്തഞ്ച്, വയസ്സ് ഏകദേശം തോന്നിയ്ക്കുന്ന ഒരു പെണ്‍കുട്ടിയാണ് അടുത്ത് വന്നത്. അവള്‍ ഉറക്കെ വിളിച്ചപ്പോള്‍ ഒരല്‍പ്പം കഴിഞ്ഞ് ഒരു ഇരുപത് വയസ്സ് തോന്നിയ്ക്കുന്ന ഒരു പയ്യനും വന്നു. ബാഗുകള്‍ എടുത്ത് വെച്ചു. മൊബൈലില്‍ റേയിഞ്ച് കാണിയ്ക്കുന്നുണ്ട് .. ഒരു പഴയ കെട്ടിടം .. അത്ഓടീട്ട ഒരു വീടാണ്. സത്യത്തില്‍ അതിനു കാര്യമായ പഴക്കമില്ല .. പക്ഷെ അത് പഴയ കെട്ടിട സാമഗ്രികള്‍ കൊണ്ട് ഉണ്ടാക്കിയതാണ്. വാതിലുകള്‍ അടച്ചിരിയ്ക്കുന്നു.

തൊട്ടടുത്ത് ഒരു പുതിയ കെട്ടിടം .. അതില്‍ താഴെ ഒരു ബെഡ് റൂം , അടുക്കള , ഒരു ചെറിയ ലൈബ്രറി , ഭക്ഷണം കഴിയ്ക്കാനുള്ള സ്ഥലം ബാത്ത് റൂം .. മുകളില്‍ രണ്ട് ബാത്ത് റൂം അറ്റാച്ച്ഡ് ബെഡ് റൂമുകള്‍ .. മനോഹരമായ ബാല്‍ക്കണി .. പുറകില്‍ ഓപ്പന്‍ ടെറസ്സ് .. അതില്‍ 8 സ്റ്റെപ്പ്കള്‍ മുകളിലെയ്ക്കായി പണിത് അവിടെ വാച്ച് ടവര്‍ പോലുള്ള ഒരു സ്ഥലം. മുകളിലെ ബെഡ്റൂമിലാണ് സൌകര്യം എന്ന് ആ പെണ്‍കുട്ടി പറഞ്ഞു. അവളുടെ പേര് അല്ലി എന്നാണ്. ഇവിടെ കാര്യസ്ഥനായ ശെല്‍വന്‍റെ ഭാര്യയാണ്. ശെല്‍വന്‍ ചെറിയച്ചനെ കൊണ്ട് വെല്ലൂര്‍ ആശുപത്രിയില്‍ പോയിരിക്കുകയാണ്. വരാന്‍ ഒരാഴ്ച കഴിയും. അയാള്‍ പോയിട്ട് ഒരാഴ്ചയായി. അവള്‍ കുറച്ച് ദൂരെയായിരുന്നു താമസം. ആഴ്ചയിലോ മാസത്തിലോ അങ്ങോട്ട് പോകുകയാണ് ശെല്‍വന്‍റെ പതിവ്. ഇതിപ്പൊ അയാള്‍ ഇല്ലാത്തത് കൊണ്ട് അവളേ കൊണ്ട് വന്ന്
നിര്‍ത്തിയിരിക്കുന്നു. അല്ലിയ്ക്ക് സംസാരിയ്ക്കാന്‍ മടിയില്ല .. മുന്നിലെ പഴയ വീടിന്‍റെ പുറകിലായാണ് അല്ലി താമസിയ്ക്കുന്നത് .. കൂടെ ശെല്‍വന്‍റെ പ്രായമായ അമ്മയുണ്ട്. വിളിച്ചപ്പോള്‍ ഓടി വന്ന പയ്യന്‍ എവിടെയാണ് താമസിയ്ക്കുന്നത് എന്ന് മനസ്സിലായില്ല . എന്തായാലും ആള്‍കൂട്ടങ്ങളില്‍ നിന്ന് തനിച്ചിരിയ്ക്കാന്‍ സ്ഥിരമായി തോന്നുന്നതിനു പകരം ആളുകളെ കാണാന്‍ കൊതിയാകുന്ന തരത്തിലായി . കുളി കഴിഞ്ഞപ്പോഴേയ്ക്കും അല്ലി ചായ കൊണ്ട് വന്നു. രാത്രി ദോശയും സാമ്പാറും ഉണ്ടാക്കാമെന്ന് പറഞ്ഞ് പോയി. പകലിലെ ചൂടിനു പകരം രാത്രി തണുപ്പുണ്ട്. ആ വാച്ച് ടവറിനു മുകളില്‍ നിന്നപ്പോഴത് ശരിയ്ക്കും മനസ്സിലായി. ദൂരെയായി ചെറിയ ചെറിയ വെളിച്ചമുണ്ട്. ചെരാതുകള്‍ തെളിയിച്ചത് പോലെ .. തലയ്ക്ക് മുകളില്‍ ഒരു പക്ഷി ചിറകടിച്ച് പറന്നത് ഒരല്‍പ്പം ഭയപ്പെടുത്തി ..ഭയം കൂടെത്തന്നെയുണ്ട് ..

അല്ലിയ്ക്ക് സാര്‍ എവിടേ പോയെന്ന് അറിയില്ല. ശെല്‍വനും അതത്ര കാര്യമായി അറിയാറില്ല എന്നാണ് അവള്‍ സൂചിപ്പിച്ചത്. അവള്‍ സാറിനെ കണ്ടിട്ടില്ല .. ശെല്‍വന്‍ പറയുന്ന അറിവല്ലാതെ .. ശെല്‍ നു പക്ഷെ അയാളെ വലിയ ഇഷ്ടവും ബഹുമാനവുമൊക്കെയാണ് .. ധാരാളം പൈസയും നല്‍കും .. ശെല്‍വന്‍റെ കാര്യങ്ങള്‍ സാറിനു എല്ലാമറിയാമെങ്കിലും സാറിന്‍റെ കാര്യങ്ങള്‍ ശെല്‍വനു വലിയ പിടിയില്ല .. എവിടെ പോകുന്നു .. എന്ത്
ചെയ്യുന്നൂ എന്നൊക്കെ .. ചിലപ്പോഴൊക്കെ ഇത്രദിവസം കഴിഞ്ഞ് വരാമെന്ന് സൂചിപ്പിയ്ക്കുന്നതല്ലാതെ . ആദ്യായിട്ടാണ് അവിടേയ്ക്ക് സാറിന്‍റെ നാട്ടില്‍ നിന്ന് ഒരാള്‍ വരുന്നുണ്ട് എന്ന് പറഞ്ഞത്. ഒരുപാട് തിരക്കുള്ള ഒരാള്‍ ആണ് എന്നാലും വരും എന്നാണ് പറഞ്ഞത് .. ഒപ്പം അയാളുടെ കാര്യങ്ങള്‍ നന്നായി ശ്രദ്ധിയ്ക്കണമെന്നും. അല്ലിയെ കൊണ്ട് വന്നത് പ്രധാനമായും അത് കൊണ്ടാണ്.

‘ഞാന്‍ വരുന്നുണ്ട് ..മിക്കവാറും അടുത്ത മാസം പകുതിയോടെ’ എന്ന ഒരു മറുപടി സാറിനയച്ചതിനു ശേഷം സാര്‍ കത്തെഴുതിയിട്ടില്ല.. ആകാംക്ഷ അധികമാക്കുന്ന ഒരിടത്ത് സാര്‍ എഴുത്ത് നിറുത്തകയായിരുന്നു.. അത് മന:പ്പൂര്‍വ്വമാകാനാണ് സാധ്യത. അത് ഇവിടെ എത്തിയ്ക്കാനുള്ള തന്ത്രമാണ് . പക്ഷെ മൂന്ന് മാസം വേണ്ടി വന്നു ഈ യാത്രയ്ക്കായി. ആരൊ വരുമെന്ന പ്രതീക്ഷയാണൊ അതൊ ക്യത്യനിഷ്ഠയുടെ ഭാഗമാകാം , വ്യത്തിയായി സൂക്ഷിച്ചിരുന്നു കെട്ടിടം , റൂമുകള്‍ .. ബാഗില്‍ നിന്ന് ബോട്ടില്‍ എടുത്ത് വെച്ച് , ഗ്ലാസ്സും ഫിഡ്ജില്‍ നിന്ന് വെള്ളവും ഐസും എടുത്ത് കിച്ചണില്‍ നിന്ന് നട്സ് കിട്ടിയതില്‍ സന്തോഷിച്ച് .. പുറക് വശത്തെ ഓപ്പണ്‍ ടെറസില്‍ ഇരുന്നു .. വാച്ച് ടവറിനു മുകളിലെ അത്ര
ഇല്ലെങ്കിലും കാറ്റ് , തണുപ്പ് അനുഭവപ്പെടുത്തുന്നുണ്ട് . ഒരു പെഗ്ഗ് അകത്തേയ്ക്ക് ഇറങ്ങിയതില്‍ ഒരു ചൂടൂണ്ട് . നിലാവില്‍ അവ്യക്തമാണ് കാഴ്ച ..

സാര്‍ എപ്പൊ വരുമെന്നറിയില്ല .. വന്ന് കണ്ടിട്ടേ പോകാനാകൂ .. ഇത്ര ദൂരം വന്നിട്ട് കാണാതെ പോകുന്നത് ശരിയല്ല .. ഒപ്പം അറിയണം ഒടുവില്‍ എന്ത് സംഭവിച്ചെന്ന് .. സാര്‍ വന്നാലും ഇല്ലെങ്കിലും ഡയറിയും മാപ്പും ഉപയോഗിച്ച് കുറച്ചിടങ്ങള്‍ കാണണം .. അതില്‍ കുതിര സ്വാമി ക്ഷേത്രമുണ്ട്.. രായന്നൂരിലെ പഴനിമലയുടേ വീടിന്‍റെ അവഷിടങ്ങള്‍ ഉണ്ട് .. അയ്യനാര്‍ കുളമുണ്ട് .. ഗൌണ്ടറൂടേ വീടിന്‍റെ ഇടമുണ്ട് .. പിന്നെയും പലതുമുണ്ട് ..

ഗൌണ്ടറേ കുറിച്ചുള്ള ചിന്തകളില്‍ അയാള്‍ക്ക് നിസ്സഹായ സ്ഥാനമാണ് .. 13 വയസ്സുള്ള പേരകുട്ടി ഗര്‍ഭിണിയായി എന്നത് എത്ര മാത്രം തളര്‍ത്തിയിരിയ്ക്കും. അഭിമാന സമ്രക്ഷണത്തിനോ ജന്മദോഷമുള്ള കുട്ടി കുലം മുടിയ്ക്കും എന്ന വാക്കുകള്‍ക്കോ കാവേരിയോടുള്ള തന്‍റെ വാത്സല്ല്യത്തിനു മുന്നില്‍ ജയിക്കാനാകാത്തത് കൊണ്ട് ഗൌണ്ടര്‍ അവളെ സംരക്ഷിച്ചു . ഗർഭം അലസിപ്പിക്കാൻ അയാള്‍ അനുവദിച്ചില്ല . മുറൈ മാമനായ പഴനിമലയോട് അവളെ വിവാഹം കഴിയ്ക്കാനായി അയാള്‍ പറഞ്ഞപ്പോള്‍ പഴനിമലയ്ക്കത് എതിര്‍ക്കാനായില്ല. പഴനിമല അവളെ വിവാഹം ചെയ്ത് രായന്നൂരിലേയ്ക്ക് കൊണ്ട് പോയി. 10 കാളവണ്ടികളിലായാണ് പണവും സ്വര്‍ണ്ണവും കൊടുത്തയച്ചത് എന്നത് അതിശയോക്തിയായി തോന്നിയെങ്കിലും സാധ്യത ഇല്ലാതിരുന്നില്ല. കാവേരിയ്ക്ക് പഴനിമലയെ ഒരിയ്ക്കലും ഇഷ്ടമായില്ല. അയാളുടെ രൂപവും തോക്കുകളോടും നായാട്ടിനോടൂള്ള ഇഷ്ടവും .. പക്ഷെ അവളുടെ പോരായ്മകളെ എല്ലാം മറന്ന് പഴനിമല അവളെ സ്നേഹിച്ചു .. എന്ത്കൊണ്ടോ അവളുടെ ഗര്‍ഭം അലസിപ്പോയി ..തളര്‍ന്ന് പോയ അവളെ രാപ്പകലുകള്‍ കൂടെയിരുന്ന് പഴനിമല ശുശ്രൂഷിച്ചു. പക്ഷെ , ജീവിതകാലം
മുഴുവന്‍ പേറേണ്ട ഒരു വലിയ ഭാരം ഒഴിവായപ്പോള്‍ അയാളെ അവഗണിയ്ക്കുന്നതില്‍ ആ സംഭവം അവള്‍ക്ക് കരുത്തായത് പോലെ തോന്നി. എന്ത് തന്നെയായാലും കാവേരി പഴനിമലയില്‍ നിന്ന് ഗര്‍ഭം ധരിച്ചു. ഒരു മകനെ പ്രസവിയ്ക്കുകയും ചെയ്തു. മാണിക്യവേല്‍ എന്ന് ഗൌണ്ടര്‍ ആ കുട്ടിയ്ക്ക് നാമകരണം ചെയ്തു. അവനു ഒരു വയസ്സാകുന്നതിനു മുൻപേ 1859 ഇല്‍ ഗൌണ്ടര്‍ മരിച്ചു..

എല്ലാ സ്വത്തുക്കളും – ക്യത്യമായി പറഞ്ഞാല്‍ അയ്യം പട്ടി മുഴുവനും രായന്നൂര്‍ പകുതിയും പഴനിമലയുടേതായി. അതിനു കാരണം ശിവപ്പ തന്‍റെ പെണ്‍മക്കളെ മുഴുവന്‍ സ്വര്‍ണ്ണവും പണവും നല്‍കിയാണ് വിവാഹം കഴിപ്പിച്ചയച്ചത്. അവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടായിരുന്നില്ല . പഴനിമല പക്ഷെ അയ്യം പട്ടി വന്നില്ല ..രായന്നൂര്‍ തന്നെ താമസിച്ചു .. കാവേരി അതിലും അയാളോട് എതിര്‍ത്തു. അതിനെക്കാളുപരി ജനിച്ച കുട്ടിയ്ക്ക് വളര്‍ച്ചയും ബുദ്ധിയും കുറവായിരുന്നു. അത് അയാളുടെ വേട്ടയാടലിന്‍റെ ശാപമെന്ന് അവള്‍ വിശ്വസിച്ചു. അയാള്‍ അവളുടെ ആരോപണത്തില്‍ പിന്നെ തോക്ക് കൈ കൊണ്ട് തൊട്ടില്ല . പക്ഷെ അയ്യം പട്ടിയ്ക്കാര്‍ അത് കാവേരിയുടെ ദോഷമെന്ന് അടക്കം പറഞ്ഞു. പഴനിമല അത് അവളോട് അതിനെക്കുറിച്ച് പറഞ്ഞില്ല. അവളെ വിഷമിപ്പിയ്ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ബന്ധുക്കള്‍ പരസ്പരം വിവാഹം കഴിയ്ക്കുമ്പൊഴുണ്ടാകുന്ന ജനിതക വൈകല്ല്യമൂലമുള്ള അസുഖമെന്ന് തിരിച്ചറിയാന്‍ അക്കാലത്ത് ആര്‍ക്കും കഴിയില്ലല്ലോ എന്ന് സാര്‍ ബ്രാക്കറ്റില്‍ കുറിച്ചിരുന്നു..

ചികിസ്തയ്ക്ക് പകരം പൂജകളായിരുന്നു ചെയ്തിരുന്നത്. കാവേരിയ്ക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നില്ല. ഒരു കാര്യവും അവള്‍ ശ്രദ്ധിച്ചില്ല.. ധാരാളം വേലക്കാരികള്‍ ഉണ്ടായിരുന്നെങ്കിലും മകനെ പഴനിമല തന്നെ ശുശ്രൂഷിച്ചു .. അവന്‍ പതിയെ വളര്‍ന്നു .. പഴനിമലയെ അവന്‍ നന്നായി തിരിച്ചറിയുമായിരുന്നു .. പക്ഷെ സ്വന്തം കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അക്കാലത്ത് തല ചുമടായി വന്നിരുന്ന വില കൂടിയ വസ്തുക്കള്‍ വില്‍ക്കുന്നവരുടെ ആശ്രയമായിരുന്നു പഴനിമലയുടെ വീട് .. എത്ര വില കൂടിയ തുണികളായാലും സുഗന്ധ വസ്തുക്കളായാലും ആഭരണങ്ങളായാലും കാവേരി അത് വാങ്ങും. അവര്‍ ദൂരയാത്രയായത് കൊണ്ട് ഒന്ന് രണ്ട് ദിവസം തങ്ങിയിട്ടാണ് യാത്ര തുടരുക. അതില്‍ വന്നിരുന്ന കാണാന്‍ സുന്ദരനായ ഒരാളുടെ കൂടെ കാവേരി നാട് വിട്ടു..മകനു 6 വയസ്സായിരുന്നു അപ്പോള്‍.

ആ വര്‍ഷമാണ് 1866 ഇല്‍ കോയബത്തൂര്‍ ഒരു മുന്‍സിപ്പാലിറ്റിയായി രൂപീകരിയ്ക്കുന്നത്. സര്‍ റോബര്‍ട്ട് സ്റ്റയിന്സ് ആയിരുന്നു ആദ്യ ചെയര്‍മാന്‍. കഴിയാവുന്നത്ര ധനവും ആഭരണങ്ങളുമായാണ് കാവേരി പോയത്. അവളെയും അവളുടെ കുലദൈവങ്ങളേയും ശപിച്ച് ഒരു രാത്രി ആ വലിയ വീടിനു തീയിട്ട് ,. തന്‍റെ അരുമകളായ രണ്ട് കുതിരകളേയും തോക്കുകളും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ നാട് വിട്ടു. അയ്യം പട്ടിയിലെയ്ക്ക് അയാള്‍ പോയില്ല .. സത്യത്തില്‍ അയാള്‍ എവിടെ പോയെന്ന് ആര്‍ക്കും അറിവില്ലായിരുന്നു.. പഴനിമല ദൂരെ ഒരു ഗ്രാമത്തില്‍ ചെന്ന് താമസമാരംഭിച്ചു . അയാളാരാണെന്ന് വെളിപ്പെടുത്താതെ മറ്റൊരു പേരിലായിരുന്നു അവിടെ. അയാളുടെ കൈതൊഴില്‍ അയാളെ ഗ്രാമ മുഖ്യനും മറ്റു പ്രധാനികള്‍ക്കും പ്രിയങ്കരനാക്കി. തോക്ക് നിര്‍മ്മാണവും അതിന്‍റെ അറ്റ കുറ്റപ്പണികളും. അതില്‍ ധാരാളം പണം ലഭിച്ചു, ഒപ്പം അയാളുടെ കയ്യില്‍ ഒരുപാട് ധനം സൂക്ഷിയ്ക്കപ്പെട്ടിരുന്നതും കൂട്ടി ക്യഷി സ്ഥലങ്ങളും മറ്റ് സൌകര്യങ്ങളും ഉണ്ടായി. പക്ഷെ അമിതമായ മദ്യപാനം പക്ഷെ അയാളെ അനാരോഗ്യനാക്കി. മകന്‍റെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ കഴിയാതെയായി. പലരും നിര്‍ബന്ധിച്ചിട്ടും ചില സ്ത്രീകള്‍ സ്വയം തയ്യാറായിട്ടും ഒരു വിവാഹം കഴിയ്ക്കാന്‍ പഴനിമല തയ്യാറായില്ല. അവരൊന്നും മകനെ ശ്രദ്ധിയ്ക്കില്ല , സ്വത്ത് കൈക്കലാക്കി ഉപേക്ഷിയ്ക്കും എന്ന് ഭയപ്പെട്ടു.

ഒടുവില്‍ ഗ്രാമമുഖ്യന്‍റെ അഭിപ്രായ പ്രകാരം മകനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാകുന്ന ഒരാളെ അന്വേഷണം ആരംഭിച്ചു. ഒരുപാട് അന്വേഷ്ണങ്ങള്‍ക്ക് ഒടുവിലാണ് ഒരാള്‍ തയ്യാറായത്. അവനെക്കാള്‍ ഇരട്ടി പ്രായമുണ്ട്. അവര്‍ക്ക് മറ്റാരുമില്ല. ഇപ്പൊ ജീവിയ്ക്കുന്നത് വഴി വാണിഭക്കാരായ ആളുകള്‍ക്ക് ശരീരം വിറ്റിട്ടാണ്. അവര്‍ക്ക് ഒരാശ്രയം ആവശ്യമാണ്. പ്രായം കൂടിയ ഒരാളാണ് നല്ലതെന്ന് എല്ലാവരും പഴനിമലയോട് ഉപദേശിച്ചു. ഭാര്യയെ അല്ല കഴിയുമെങ്കില്‍ ഒരമ്മയെ ആണ് അവനു ആവശ്യം. അത് കൊണ്ട് അനുഭവവും പക്വതയും ഉള്ള ഒരാള്‍ ആണ് വേണ്ടത്. വേശ്യാവ്യത്തി ചെയ്തിരുന്നവരും മകനെക്കാള്‍ പ്രായവുമായ ആ സ്ത്രീയെ കാണാന്‍ പഴനിമല പോയില്ല .. മകനെ കാണാന്‍ അവരും വന്നില്ല .. ഗ്രാമമുഖ്യന്‍ ആണ് എല്ലാം തീരുമാനിച്ചത് .. അയാളുടെ ജ്യൊത്സ്യന്‍ അയ്യം പട്ടിയിലെ വീരലക്ഷ്മിയമ്മന്‍ കോവിലുമായി ഒരു ജന്മ ബന്ധം കാണുന്നു എന്നും വിവാഹം അവിടെ നടത്തുന്നതാണ് നല്ലത് എന്നു പറഞ്ഞത് ഗ്രാമ മുഖ്യന്‍ ഏറ്റ് പിടിച്ചു . പഴനിമല എതിര്‍ക്കാന്‍ നിന്നില്ല ..അയാള്‍ക്ക് അയാളുടെ മകന്‍റെ സംരക്ഷണം ആ സ്ത്രീ ഗ്രാമമുഖ്യനോടും ദൈവത്തിനോടും സത്യം ചെയ്ത് ഏറ്റിരുന്നു എന്നത് മാത്രമാണ് മുഖ്യമായി പരിഗണിച്ചത്. എങ്കിലും അയാള്‍ വിവാഹത്തിനു പോയില്ല. ചടങ്ങ് നടത്തി വരണമെന്നുള്ള അയാളുടെ അഭ്യര്‍ത്ഥന ഗ്രാമമുഖ്യനും ആളുകളും അംഗീകരിച്ചു. അയാളുടെ മാനസികാവസ്ഥ മനസിലാക്കിയത് മാത്രമല്ല ഒരു ദൂരയാത്രയ്ക്ക് അയാള്‍ക്ക് ആരോഗ്യം കുറവാണ് എന്നതും അവരത് സമ്മതിച്ചതിന്‍റെ കാരണങ്ങളായിരുന്നു.

കാളവണ്ടികളിലായി ആളുകളും ഒരു കുതിരയെ കെട്ടിയ വണ്ടിയില്‍ മകനെയും ഗ്രാമമുഖ്യനേയും അയാള്‍ കയറ്റി വിട്ടു. ഒപ്പം വധുവിനായി കരുതിയ ആഭരണങ്ങളും. പക്ഷെ അവര്‍ പുറപ്പെട്ട് കുറച്ചധികം ശേഷമാണ് അയാള്‍ മനസ്സിലാക്കുന്നത് സ്വന്തം മകന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്നത് അവന്‍റെ അമ്മയെ ആണെന്ന് .. !

shortlink

Post Your Comments


Back to top button