Latest NewsNewsInternational

‘എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്’: 22 പേരെ കൊല്ലുന്നതിന് മുമ്പ് കൊലയാളി പെണ്‍കുട്ടിക്കയച്ച സന്ദേശം പുറത്ത്

ടെക്‌സാസ്: യു.എസിനെ ഞെട്ടിച്ച് ടെക്‌സാസിലെ ഒരു എലിമെന്ററി സ്‌കൂളിൽ വെടിവെയ്പ്പ് നടത്തി കൗമാരക്കാരൻ. സ്‌കൂൾ ചോരക്കളത്തിൽ മുങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കൗമാരക്കാരൻ ഒരു പെൺകുട്ടിക്കയച്ച സന്ദേശം പുറത്ത്. ‘എനിക്കൊരു രഹസ്യം പറയാനുണ്ട്, അത് ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു, ഞാൻ പോവുകയാണ്’- കൂട്ടക്കൊലക്ക് മുന്‍പ് കൊലയാളി സാല്‍വദോര്‍ റാമോസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പെൺകുട്ടിക്ക് അയച്ച സന്ദേശമാണിത്.

കൂടാതെ സാല്‍വദോര്‍, ഈ പെണ്‍കുട്ടിയെ തന്റെ ചില പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ആയുധങ്ങൾ അടങ്ങിയ ചില പോസ്റ്റുകളിലാണ് പെൺകുട്ടിയെ കൗമാരക്കാരൻ ടാഗ് ചെയ്തത്. എന്നാല്‍, സാല്‍വദോറിനെ തനിക്കറിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. ആയുധങ്ങളുടെ ചിത്രങ്ങളുടെ പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തതില്‍ ഭയമുണ്ടെന്നും, എന്തിനാണ് തന്നെ ടാഗ് ചെയ്തതെന്നും പെൺകുട്ടി ഇയാളോട് ചോദിക്കുന്നുണ്ട്. എന്നാല്‍, നിങ്ങളെ ടാഗ് ചെയ്യണമെന്ന് തോന്നിയെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നുമാണ് മെയ് പന്ത്രണ്ടിന് സാല്‍വദോര്‍ മറുപടി നൽകിയത്.

പിന്നീട് താന്‍ തയ്യാറെടുക്കുകയാണെന്ന് കൗമാരക്കാരൻ പെൺകുട്ടിക്ക് മെസേജ് അയച്ചു. എന്തിനാണെന്ന ചോദ്യത്തിന് സാല്‍വദോര്‍ കൃത്യമായ മറുപടി പറയുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആക്രമണം സല്‍വദോര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടത്തിയതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്.

Also Read:വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല: പി.സി ജോർജിനെതിരെ മുഖ്യമന്ത്രി

മെയ് 24 ചൊവ്വാഴ്‌ചയാണ് 19 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും സ്വന്തം മുത്തശ്ശിയേയും അടക്കം 22 പേരെ 18 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തിയത്. സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് 18 കാരൻ സ്‌കൂളിലെത്തിയത്. കൊലയാളിയായ 18 കാരനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. 2,3,4 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കൊലയാളിയായ സാൽവദോർ റമോസ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പ്രാദേശിക സമയം 11.32-ഓടെയാണ് സംഭവം.

ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിന് സമീപം വാഹനം ഇടിച്ചുനിർത്തിയ ശേഷം അക്രമി സ്‌കൂളിലേക്ക് കയറുകയായിരുന്നു. റമോസിന്റെ കൈവശം കൈത്തോക്കുകൾ ഉണ്ടായിരുന്നു. സ്‌കൂൾ ഗേറ്റ് കടന്നതും പ്രതി മുന്നിൽ കണ്ടവർക്ക് നേരെ വെടിയുതിർത്തു. കുട്ടികളും അധ്യാപകരുമടക്കം 21 പേർ പിടഞ്ഞുവീണു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലെയുള്ള ജാക്കറ്റ് ധരിച്ചായിരുന്നു റമോസ് വെടിവെയ്പ്പ് ആരംഭിച്ചത്. ഇയാൾ പൊലീസിന് നേരെയും വെടിയുതിർത്തു. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. ഒടുവിൽ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രതിയെ കൊലപ്പെടുത്തി.

shortlink

Post Your Comments


Back to top button