KeralaLatest News

ഫുട്‌ബോൾ കളിക്കാൻ പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു: വിവരം പുറത്തു പറയാതെ കൂട്ടുകാർ

കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ വീട്ടിൽനിന്നു പോയ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഏലൂർ കണപ്പിള്ളി കരിപ്പൂർ വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ എബിൻ സെബാസ്റ്റ്യൻ (15) ആണ് മുങ്ങി മരിച്ചത്. കുട്ടിയെ കാണാതായപ്പോൾ മാതാവ് നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുങ്ങിമരിച്ച വിവരം അറിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് എബിൻ കളിക്കാനായി പോയത്.

സന്ധ്യയായിട്ടും വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ മാതാവ് ശ്രുതി സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്നു പറഞ്ഞു. ഇതോടെ, ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, സി.ഐ. നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ സത്യം വെളിപ്പെടുത്തിയത്. കളി കഴിഞ്ഞ ശേഷം കുളിക്കാൻ ഇറങ്ങിയപ്പോൾ എബിൻ ആഴത്തിൽ അകപ്പെടുകയായിരുന്നുവത്രെ.

ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി എബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ, സംഭവം ആരോടും പറയേണ്ടതില്ലെന്നു തീരുമാനിച്ചു തങ്ങൾ മടങ്ങുകയായിരുന്നു എന്നാണ് ഇവരുടെ വിശദീകരണം. കുട്ടി പുഴയിൽ മുങ്ങിയത് വ്യക്തമായതോടെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥിയാണ്. ഏയ്ഞ്ചൽ ആണ് സഹോദരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button