KeralaLatest NewsArticleNewsIndiaWriters' Corner

‘മരത്തിന്‍റെയും വിത്തിന്‍റെയും പൂവിന്‍റെയും മഹത്വം അറിഞ്ഞ് കുട്ടികൾ വളരട്ടെ’: അവരാണ് നമ്മുടെ നല്ല ഭാവി

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ച് നിർത്തുന്നതിൽ കുട്ടികൾക്ക് വളരെ വലിയ പങ്കാണുള്ളത്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവജാലങ്ങള്‍ക്ക് നിലനിൽക്കാനാകില്ല. മനുഷ്യൻ ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും, അതിജീവിക്കും. എന്നാൽ, പ്രകൃതിയില്ലാതെ മനുഷ്യന് അതിജീവിക്കാൻ സാധിക്കില്ല. നമ്മളെ സ്നേഹിക്കുന്ന, നമുക്ക് ആവശ്യമായത് എല്ലാം നൽകുന്ന പ്രകൃതിയെ മനുഷ്യൻ എന്തിനാണ് ഉപദ്രവിക്കുന്നത് എന്ന് ഒരു അഞ്ച് വയസുകാരൻ ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മുടെ കൈയ്യിൽ ഉണ്ടാകില്ല. ഉണ്ടെങ്കിലും അഭിമാനത്തോടെ തലയുയർത്തി പറയാൻ നമുക്ക് കഴിഞ്ഞേക്കില്ല.

ദുർലഭമായിക്കൊണ്ടിരിക്കുന്ന ജലത്തെക്കുറിച്ചോ, ഭൂമിയിലേക്ക് പുറന്തള്ളുന്ന മാലിന്യ കൂമ്പാരത്തെക്കുറിച്ചോ, അതിന്‍റെ അപകടത്തെക്കുറിച്ചോ മനുഷ്യൻ ചിന്തിക്കാറേയില്ല. അവന് അവന്റെ കാര്യം മാത്രമാണ് വലുത്. അതിനിടയിൽ എന്ത് പ്രകൃതി, എന്ത് നന്മ. എന്നാൽ, എന്നെങ്കിലും ഒരിക്കൽ ഇതുപോലെ ഒരു അഞ്ച് വയസുകാരനിൽ നിന്നൊരു ചോദ്യം ഉണ്ടായാൽ കുറ്റബോധത്തോടെ തലകുനിച്ച് നിൽക്കാതിരിക്കാൻ എന്തെങ്കിലും നാം ചെയ്യണ്ടേ? ‘അവരെ നല്ല നാളേക്കായി’ വളർത്തുക എന്നതാണ് അതിൽ പ്രധാനം. അതെങ്കിലും, ഈ മോഡേൺ യുഗത്തിൽ നാം ചെയ്യേണ്ടതാണ്.

പരിസ്ഥിതിയെ സംരക്ഷിക്കാൻ കുട്ടികളെക്കാൾ നന്നായി സാധിക്കുന്ന മറ്റാരുമില്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. നമ്മുടെ കുട്ടികളാണ് ഭാവി എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. ചെറുപ്പത്തിൽത്തന്നെ അവരെ പ്രകൃതി സംരക്ഷണം പഠിപ്പിക്കാൻ മുതിർന്നവർ ശ്രമിക്കേണ്ടതുണ്ട്. മുതിർന്നവരെന്ന നിലയിൽ അവർക്ക് ആസ്വദിക്കാൻ ആരോഗ്യകരവും ഊർജ്ജസ്വലവുമായ ഒരു ലോകം ഉണ്ടാക്കി കൊടുക്കുക എന്നത് നമ്മുടെ കൂടെ കടമയാണ്. ഭൂമിയുടെ പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള മനോഭാവം ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്നതിനാൽ അടുത്ത തലമുറയെ സംരക്ഷിക്കാൻ പഠിപ്പിക്കുന്നത് പ്രധാനമാണ്. കുട്ടികൾ ചെറുപ്പത്തിലേ തന്നെ അവരുടെ പരിസ്ഥിതിയെയും അവർ ജീവിക്കുന്ന ലോകത്തിന്റെ ക്ഷേമത്തെക്കുറിച്ചും പഠിച്ച് വളരേണ്ടതായുണ്ട്.

പരിസ്ഥിതിയെ കുട്ടികൾ സംരക്ഷിക്കുന്നത് എങ്ങനെ ?

  • പ്ലാസ്റ്റിക്കുകൾ മണ്ണിലോ പ്രകൃതിയിലോ വലിച്ചെറിയാതിരിക്കുക. ഇത് ദോഷമെന്ന് കുട്ടികളെ പഠിപ്പിക്കുക.
  • ഉപയോഗത്തിലില്ലാത്തപ്പോൾ ഫാൻ/ലൈറ്റ് തുടങ്ങിയ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഓഫാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
  • കാർ മെയിന്റനൻസിന്റെയും ഗ്യാസ് ഉപയോഗത്തിന്റെയും പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുക.
  • ആഴ്ചയിൽ ഒരിക്കലെങ്കിലും കാർ വൃത്തിയാക്കണമെന്ന് പറഞ്ഞ് മനസിലാക്കിക്കുക.
    സാധ്യമാകുമ്പോഴെല്ലാം നടക്കുക.
  • പെട്രോളിയം ഉപയോഗം കുറയ്ക്കുക.
  • ചവറ്റുകുട്ടയും പുനരുപയോഗിക്കാവുന്നവയും എടുത്ത് ശരിയായി സംസ്കരിക്കുക.
  • പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.
  • നിങ്ങളുടെ വീടിനെ നിങ്ങൾ എങ്ങനെ പരിപാലിക്കുന്നുവെന്ന് കുട്ടികളെ കാണിക്കുക.
  • വൃക്ഷത്തൈ നടീൽ പരിപാടികൾക്കോ ​​അരുവി വൃത്തിയാക്കലിനോ വേണ്ടി സന്നദ്ധസേവനം നടത്തുക, കുട്ടികളെ ഇതിൽ പങ്കാളികളാക്കുക.
  • അപകടകരമായ ഗാർഹിക മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുക.
  • കീടനാശിനികളെക്കുറിച്ചും മറ്റ് പൂന്തോട്ട രാസവസ്തുക്കളെക്കുറിച്ചും കുട്ടികളോട് സംസാരിക്കുക.
  • ഒരു കമ്പോസ്റ്റ് ആരംഭിക്കുക.
  • ഒരുമിച്ച് ഒരു മരം നടുക.

Also Read:ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്: സ്ഥിരീകരിച്ച് ബി.ജെ.പി വൃത്തങ്ങള്‍

സംഭാഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികൾ അവർക്ക് ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾ, അത് അവരുടെ ചക്രവാളങ്ങളെ മറ്റ് സാധ്യതകളിലേക്ക് വിശാലമാക്കുന്നു. എന്തുകൊണ്ടാണ് പക്ഷി മരത്തിൽ നിന്ന് വീണു, ആമ റോഡ് മുറിച്ചുകടക്കുന്നതെങ്ങനെ തുടങ്ങിയ സംശയം പോലും അവർ പുറം പരിസ്ഥിതിയെ വീക്ഷിക്കുന്ന രീതിയെയും പരിപാലിക്കുന്ന രീതിയെയും മാറ്റാൻ സാധിക്കും. കുട്ടികൾക്കിടയിൽ ജങ്ക്‌ ഫുഡിനോടുള്ള താൽപര്യം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തിരക്കുപിടിച്ച ജീവിതശൈലിയിൽ ഇത് അനിവാര്യമാണെന്ന തോന്നലിലാണ് നമ്മളിത് കഴിക്കുക. ഒപ്പം കുട്ടികളെയും ഈ ഭക്ഷ്യ വസ്‌തുക്കൾ കഴിക്കാൻ നമ്മൾ ശീലിപ്പിക്കുകയും ചെയ്യും. അത് ആപത്താണ്. ജീവിതം സന്തുലിതമായിരിക്കുകയെന്നത് പ്രധാനമാണ്. ഒപ്പം, പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലി കുട്ടികളെ പരിശീലിപ്പിക്കുകയും വേണം. അതിനാണ് മുൻഗണന നൽകേണ്ടത്.

പ്രകൃതിയെ സംരക്ഷിക്കുക എന്ന നല്ല മനോഭാവം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തങ്ങൾ. ഭാവിയിൽ സംരക്ഷണ തീരുമാനങ്ങൾ അവരുടേതായിരിക്കും. പ്രകൃതിയെയും പരിസ്ഥിതിയെയും വിലമതിക്കാനും ബഹുമാനിക്കാനും ചെറുപ്പത്തിൽ തന്നെ അവരെ പഠിപ്പിക്കണം. വനത്തിലൂടെയുള്ള വിപുലമായ ഒരു കാൽനടയാത്ര തന്നെ വേണമെന്നില്ല, പ്രകൃതിയെ കുറിച്ചുള്ള മൂല്യവത്തായ പഠനാനുഭവം ഉണ്ടാകാൻ. പരിസ്‌ഥിതിക്ക് ദോഷമുണ്ടാകാതെ ജീവിക്കുകയെന്ന തത്വം ഓരോരുത്തരും പ്രാവർത്തികമാക്കണം.

ഇക്കോ ഫ്രണ്ട്‌ലി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ശീലം കുട്ടികളിൽ വളർത്തിക്കൊണ്ടു വരണം. ലെതർ ബാഗ്, ചെരിപ്പ്, പോളിത്തീൻ കവർ, പ്ലാസ്‌റ്റിക് മുതലായവയ്‌ക്ക് പകരമായി ഇക്കോ ഫ്രണ്ട്‌ലിയായവ കുട്ടികൾ തന്നെ തെരഞ്ഞെടുക്കട്ടെ. റീ സൈക്കിൾ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശീലിക്കുക.

Also Read:മഞ്ഞനിറം മാറ്റി പല്ല് വെളുപ്പിക്കാൻ

കാലം മാറിയപ്പോൾ കോലം മാത്രമല്ല, ജീവിതരീതിയും മാറിയിട്ടുണ്ട്. ഇന്നത്തെ കുട്ടികൾ വീഡിയോ ഗെയിമിനകത്താണ്. അവർക്കെന്ത് പുഴയും മണ്ണും !. എന്നാൽ അങ്ങനെയല്ല വേണ്ടത്. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് ലോകത്തെ അറിയുക എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. മുറ്റത്തെ പൂവിനേയും പൂതുമ്പികളേയും അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യേണ്ട അവസ്ഥ. ഓടിയും ചാടിയുമൊന്നും കളിക്കാതെ, പ്രകൃതിയെ അറിയാതെയാണ് പലരും വളരുന്നത്. അത് നല്ല നാളേയ്ക്ക് ഗുണം ചെയ്യില്ല. പ്രകൃതിയിലെ മാറ്റങ്ങളേയും ജൈവവൈവിധ്യത്തേയും ജീവജാലങ്ങളേയും മഴയേയും കാറ്റിനേയുമൊക്കെ കണ്ടറിഞ്ഞ് വേണം കുട്ടികൾ വളരാൻ. അവരാണ് ഭൂമിയുടെ, പ്രകൃതിയുടെ നല്ല ഭാവി.

ഭൂമിയിലെ ഓരോ ജീവനും അമൂല്യമാണ്. ഈ ഭൂമിയിലുള്ള സകല ചെടികളും വൃക്ഷങ്ങളും മൃഗങ്ങളും നമ്മുടെ കൂടെപ്പിറപ്പുകളാണ്. അതിനാൽ അവയെ യാതൊരുവിധത്തിലും ഉപദ്രവിക്കരുതെന്നുള്ള ധാരണ പുതിയ തലമുറയിൽ വളർത്തിക്കൊണ്ടു വരികയാണ് വേണ്ടത്. മനുഷ്യനെന്ന പോലെ ഭൂമിയിലെ സകല ജന്തുജാലങ്ങൾക്കും തുല്യമായ അവകാശവും അധികാരവുമുണ്ട്. അത് തിരിച്ചറിയുമ്പോഴാണ് മുതിർന്നവരും കുട്ടികളും ഭൂമിയുടെ സ്വന്തം സംരക്ഷകരാവുക.

അപർണ ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button