Latest NewsIndia

ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്

ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കൊല്‍ക്കത്ത: പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിൽ ആയിരങ്ങളെ കോരിത്തരിപ്പിച്ച ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നും ശരീരത്തിൽ പരുക്കുകൾ ഉണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസൊരുങ്ങുന്നത്. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

തൃശൂർ സ്വദേശികളായ മലയാളി ദമ്പതികളായ സി എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. ഡൽഹിയിലെ മൗണ്ട് സെന്റ്‌ മേരീസ് സ്കൂളിലാണ് പഠനം. ജ്യോതി കൃഷ്ണയാണ് ഭാര്യ. നകുൽ കൃഷ്ണയാണ് മകൻ.

shortlink

Post Your Comments


Back to top button