KozhikodeKeralaLatest News

10 ലക്ഷം രൂപയ്ക്ക് അരക്കിലോ സ്വർണ്ണം: പോലീസ് ചമഞ്ഞെത്തി പണം തട്ടിയ നാലുപേർ അറസ്റ്റിൽ

മാളില്‍ വെച്ച് പണം കൈമാറുന്നതിനിടെ പോലീസ് ആണെന്ന് അവകാശപ്പെട്ട് മറ്റ് പ്രതികളെത്തി പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

കോഴിക്കോട്: സ്വര്‍ണ്ണം കൈമാറാമെന്ന് വാഗ്ദാനംചെയ്ത് വിളിച്ചു വരുത്തിയശേഷം പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി ജിജോ ലാസര്‍, മലപ്പുറം സ്വദേശി നവാസ്, ആലപ്പുഴ സ്വദേശി സുഭാഷ് കുമാര്‍, കണ്ണൂര്‍ സ്വദേശി ഷാജിദ് എന്നിവരാണ് അറസ്റ്റിലായത്. പയ്യോളി സ്വദേശി കെ റാഷിദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ സ്വര്‍ണ്ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികളിലൊരാള്‍ പരാതിക്കാരെ ബന്ധപ്പെട്ടത്. 10 ലക്ഷം രൂപ കൊടുത്താല്‍ അരക്കിലോ സ്വര്‍ണ്ണം കൈമാറാം എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കോഴിക്കോട്ടെ ഒരു മാളില്‍ വെച്ച് പണം കൈമാറാമെന്നു ധാരണയിലെത്തി. മാളില്‍ വെച്ച് പണം കൈമാറുന്നതിനിടെ പോലീസ് ആണെന്ന് അവകാശപ്പെട്ട് മറ്റ് പ്രതികളെത്തി പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

പണം നഷ്ടപ്പെട്ടെന്ന റാഷിദിന്റെ പരാതിയില്‍, സംഭവ ദിവസം തന്നെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് പാലക്കാട്ടെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്ന നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം പ്രതികള്‍ പലയിടങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button