Latest NewsNewsIndia

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ‘മരിച്ച’ സാക്ഷി കോടതിയിൽ

പാട്‌ന: മാധ്യമപ്രവർത്തകൻ രാജ്‌ദേവ് രഞ്ജൻ വധക്കേസിൽ മരിച്ചതായി സി.ബി.ഐ വിധിയെഴുതിയ സാക്ഷി വെള്ളിയാഴ്ച മുസാഫർപൂർ കോടതിയിൽ ഹാജരായി. തെറ്റായ മരണ റിപ്പോർട്ട് സമർപ്പിച്ചതിന് അന്വേഷണ ഏജൻസിക്ക് കാരണം കാണിക്കൽ നൽകി. കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയും സ്‌പെഷ്യൽ ജഡ്ജിയുമായ പുനിത് കുമാർ ഗാർഗ് സി.ബി.ഐക്ക് നോട്ടീസ് നൽകുകയും, ജൂൺ 20-ന് അടുത്ത വാദം കേൾക്കുന്നതിന് മുൻപായി മറുപടി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

2016 ലെ കേസിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ‘ഹിന്ദുസ്ഥാൻ’ എന്ന ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന പത്രപ്രവർത്തകനായ രാജ്‌ദിയോ രഞ്ജനെ സിവാനിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ അഞ്ചംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സാക്ഷിയായ ബദാമി ദേവിയെ വിസ്തരിക്കാൻ സി.ബി.ഐ സമൻസ് ആവശ്യപ്പെട്ടിരുന്നു, ഇത് കോടതി പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ, മെയ് 24 ന് കേന്ദ്ര അന്വേഷണ ഏജൻസി ബദാമി മരിച്ചതായി പ്രഖ്യാപിക്കുകയും ഇവരുടെ മരണ സ്ഥിരീകരണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, സി.ബി.ഐയെ ഞെട്ടിച്ച് രേഖകളും സത്യവാങ്മൂലവുമായി ബദാമി ദേവി വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.

Also Read:നട്ടെല്ലിന്റെ വേദന കുറഞ്ഞില്ല: ഡോക്ടറെ വെടിവച്ചു കൊന്ന് യുവാവ്

‘ഞാൻ സിവാനിലെ എന്റെ കസേര ടോളിയിലെ വസതിയിലാണ് താമസിക്കുന്നത്. എന്നെ കേസിൽ സാക്ഷിയാക്കി. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഒരു സി.ബി.ഐ ഉദ്യോഗസ്ഥൻ പോലും എന്നെ കാണാൻ വന്നിട്ടില്ല. പക്ഷേ, ഞാൻ മരിച്ചതായി അവർ പ്രഖ്യാപിച്ചു. പത്രങ്ങളിലൂടെയാണ് എന്റെ മരണവാർത്ത ഞാൻ അറിഞ്ഞത്. ഇത് ഗൂഢാലോചനയാണ്’, ദേവി കോടതിയെ അറിയിച്ചു.

അന്വേഷണത്തിൽ സി.ബി.ഐയുടെ നടപടി സംശയാസ്പദമാണെന്ന് തോന്നുന്നതായി ഹർജിക്കാരുടെ അഭിഭാഷകൻ ശരദ് സിൻഹ കോടതിയെ അറിയിച്ചു. കുറ്റാരോപിതനെ കള്ളക്കേസിൽ കുടുക്കാൻ സി.ബി.ഐ വലിയ കളിയാണ് കളിക്കുന്നതെന്നാണ് സൂചനയെന്നും അഭിഭാഷകൻ വാദിച്ചു.

2016 മെയ് 17 ന് ബീഹാർ സർക്കാർ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്, സമഗ്രമായ അന്വേഷണത്തിന് സി.ബി.ഐക്ക് വിട്ടിരുന്നു. 2016 സെപ്റ്റംബർ 15നാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അന്തരിച്ച ആർജെഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ താൻ ജയിലിലായിരുന്നുവെന്നായിരുന്നു ഇയാൾ നൽകിയ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button