Latest NewsIndia

‘മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല’ – പ്രസ്താവന പിൻവലിക്കുന്നെന്ന് നുപുർ ശർമ

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം പിൻവലിച്ച് ബിജെപി നേതാവ് നുപുർ ശർമ. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു. ‘മഹാദേവനെ അവഹേളിക്കുന്ന, അധിക്ഷേപിക്കുന്ന ടെലിവിഷൻ ചർച്ചകളിൽ കഴിഞ്ഞ കുറച്ചുനാളായി ഞാൻ പങ്കെടുക്കുന്നുണ്ട്. അത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം.’

‘ഡൽഹിയിലെ റോഡരികിലുള്ള തൂണുകളുമായി ശിവലിംഗത്തെ താരതമ്യപ്പെടുത്തുകയും ചെയ്തു. തുടരുന്ന ഈ അവഹേളനങ്ങളും മഹാദേവനെതിരായ അധിക്ഷേപങ്ങളും എനിക്ക് സഹിക്കാനായില്ല. തിരിച്ച് ഞാനും എന്തൊക്കെയോ പറഞ്ഞു. എൻ്റെ പ്രസ്താവന ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലോ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിലോ ഞാൻ പ്രസ്താവന നിരുപാധികം പിൻവലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല.’- നുപുർ ട്വീറ്റ് ചെയ്തു.

അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button