KeralaLatest NewsNews

സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്നതാണ് സുരക്ഷാ-മിത്ര പദ്ധതി. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് എസ്.എം.എസ് ആയി ലഭിക്കും.

വാഹനം അപകടത്തിൽ പെട്ടാലോ ഡ്രൈവർമാർ അമിതവേഗത്തിൽ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയും ഇ-മെയിൽ ആയും അലർട്ടുകൾ ലഭിക്കും. സന്ദേശത്തിന്റെ നിജസ്ഥിതി പരിശോധിച്ച് ഉടമകൾക്ക് വാഹനത്തിന്റെ സുരക്ഷിതയാത്ര ഉറപ്പാക്കാം. ഉപകരണം ഘടിപ്പിക്കുന്ന അവസരത്തിൽ കൊടുക്കുന്ന മൊബൈൽ നമ്പറിലും ഇ-മെയിൽ ഐഡിയിലും ആണ് അലർട്ട് സന്ദേശം എത്തുന്നത്.

നമ്പരിലും ഇ-മെയിൽ ഐഡിയിലും മാറ്റം വന്നാൽ [email protected] എന്ന ഇ-മെയിലിൽ അറിയിച്ച് തിരുത്തണം. നിർഭയ പദ്ധതി പ്രകാരം കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാൻ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button