KeralaLatest NewsNews

ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്‍

പത്തനംതിട്ട: സഹകരണ മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യക്ഷേമ സഹകരണ സംഘം പാലമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ ഇടപെട്ട് മുമ്പോട്ട് പോവുകയാണ് സഹകരണ വകുപ്പ്. സാധാരണക്കാരന്റെ ആശ്വാസത്തിന്റെ സങ്കേതമാവുകയാണ് സഹകരണ സംഘം. രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണ സംഘത്തിനുണ്ട്.

സഹകരണ സംഘം 78 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഫോണ്‍ വാങ്ങുന്നതിനായി നല്‍കിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ പ്രയോജനം ചെയ്യുന്ന സങ്കേതമായി മാറിയിട്ടുണ്ട്. കാര്‍ഷിക മേഖലയും സഹകരണ മേഖലയും സഹകരിച്ച് വികസിക്കുകയാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരിനെ സഹായിക്കുവാന്‍ സഹകരണ സജ്ജമാണ്. നിക്ഷേപം വാങ്ങലും കൊടുക്കലും മാത്രമല്ല സഹകരണ സംഘത്തിന്റെ ജോലി. നാടിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആദ്യ നിക്ഷേപം സ്വീകരിച്ചു. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി മന്ത്രി വിത്തുകള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈമാറി. ഫോക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് രാജഗോപാല്‍ മുളങ്ങോടിനെ ചടങ്ങില്‍ ആദരിച്ചു. അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് പി.ബി ഹര്‍ഷകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശ, ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ മഞ്ജു, സംഘം അദ്ധ്യക്ഷന്‍ ബാബു ജോണ്‍, കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ അദ്ധ്യക്ഷൻ എ.എന്‍ സലിം, കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പി.കെ മുരളി, പത്തനംതിട്ട സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ (ജനറല്‍) ഹിരണ്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ നസീര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button