KeralaLatest NewsNews

മുഖം നിറയെ കരി തേച്ച് വീട്ടമ്മ: കറുപ്പ് വിലക്കിനെതിരെ വേറിട്ട പ്രതിഷേധം

കൊച്ചി: മുഖത്ത് കരി തേച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീട്ടമ്മയുടെ പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ബിന്ദു ചന്ദ്രനാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ച്, മുഖം നിറയെ കരി പുരട്ടി, മുടി അഴിച്ചിട്ടാണ് ബിന്ദു തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ മുതൽ ആണ് കറുപ്പ് നിറത്തിന് ‘വിലക്ക്’ വന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് നിറത്തിലുള്ള മാസ്ക് ധരിക്കരുതെന്ന് സംഘാടകർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർ മാധ്യമ പ്രവർത്തകർ അടക്കമുള്ളവരോട് കറുത്ത മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയത് വാർത്തയായി. ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്ന് സംഘാടക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ് നിർദ്ദേശ പ്രകാരമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയതെന്നും, രക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കമെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. മാസ്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button