Latest NewsKerala

വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ: ചുരുളഴിഞ്ഞത് സിനിമയെ പോലും വെല്ലുന്ന ക്രൂരത

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കേസാണ് ആലപ്പുഴ നങ്ങ്യാർക്കുളങ്ങര ജലജ സുരൻ വധക്കേസ്. ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയത് ഒരുതെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകമായിരുന്നു. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടർന്നെത്തിയ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകമായതു കൊണ്ട് തന്നെ അന്വേഷണത്തിനിടെ ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നുവന്നു. അന്വേഷണത്തിന്റെ പേരിൽ പ്രദേശവാസികളായ ഒട്ടേറെ യുവാക്കൾ പൊലീസ് പീഡനത്തിന് ഇരയായി എന്ന ആരോപണവും ഉയർന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം ശക്തമായി നിലനിൽക്കെയാണ് ഒടുവിൽ പ്രതി പിടിയിലായത്. നങ്ങ്യാർകുളങ്ങര ഭാരതിയിൽ സുരന്റെ ഭാര്യ ജലജ സുരൻ (46) കൊല്ലപ്പെട്ട കേസിൽ മുട്ടം സ്വദേശി സജിത്താ(37)യിരുന്നു പ്രതി.

ക്രൂരകൊലപാതകത്തിന് ശേഷം രണ്ടുവർഷം പോലീസിന്റെ മുമ്പിലൂടെ വിലസിയ കൊലപാതകിയെ ക്രൈംബ്രാഞ്ചിന്റെ തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇയാളെയാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഹൗസിംഗ് ബോർഡിലെ ഒരു ലോഡ്ജിലാണ് പ്രതി സജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ വിചാരണക്കായി ഹാജരാകേണ്ടിയിരുന്ന സമയത്താണ് പ്രതിയുടെ ആത്മഹത്യ.

ജലജയുടെ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,

2015 ഓഗസ്റ്റ് 13നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ജലജയുടെ ഭർത്താവ് സുരന്റെ അമ്മാവന്റെ മകനായ രാജുവിന്റെ സുഹൃത്താണ് സജിത് ലാൽ. സുരന്റെ നിർദ്ദേശ പ്രകാരം വീട്ടിലെ മാരുതി കാർ സർവീസിന് കൊണ്ടുപോകാൻ രാജു സംഭവ ദിവസം ജലജയുടെ വീട്ടിലെത്തി. കുവൈറ്റിൽ ജോലിയുള്ള രാജുവിന് നാട്ടിൽ വലിയ പരിചയം ഇല്ലാത്തതിനാൽ കാർ കൊണ്ട് പോകാൻ സജിത്തിന്റെ സഹായം തേടി.

സജിത് എത്താൻ വൈകിയതിനാൽ രാജു കാറുമായി പോയി. രാജുവിനെ അന്വേഷിച്ച് എത്തിയ സജിത്തിനെ ജലജ വീട്ടിൽ കയറ്റിയിരുത്തി. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയ സജിത് ജലജയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്നു സജിത്. വെള്ളം കൊടുക്കുന്നതിനിടെ ജലജയോട് സഭ്യമല്ലാതെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തു. എതിർത്ത ജലജയെ നിലവിളക്കിന്റെ കാലു കൊണ്ട് തലയ്ക്ക് പിന്നിലടിച്ചു വീഴ്ത്തി. പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതിനിടെ ജലജ മരിച്ചിരുന്നു. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വർണാഭരണങ്ങളും പണവും കവർന്നെടുത്തിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി വീടിന്റെ മുകൾനിലയിലെ ശൗചാലയത്തിൽ കുളിച്ചതായി കണ്ടെത്തിയിരുന്നു. വീടുമായി ഏറെ അടുപ്പമുള്ളയാളാണു കൊലയാളിയെന്നു പോലീസ് നിഗമനത്തിലെത്തിയിരുന്നു. പ്രതി വീട്ടിലെത്തിയപ്പോൾ വളർത്തുനായ കുരച്ചില്ലെന്ന് അറിഞ്ഞതാണ് ഈ നിഗമനത്തിനു കാരണം. മോഷണശ്രമമെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണു നടന്നതെന്നു പോലീസ് സംശയിച്ചിരുന്നു. മാലയും പണവും നഷ്ടപ്പെട്ടെങ്കിലും ജലജ ധരിച്ചിരുന്ന കമ്മൽ നഷ്ടപ്പെടാതിരുന്നതാണ് പോലീസിനു സംശയം തോന്നിപ്പിച്ചത്.

കൊലപാതകം നടന്ന വീട്ടിൽനിന്നു മോഷണം പോയ മൊബൈൽ ഫോൺ പിന്നീട് ഒരു പ്രാവശ്യം ഓണാക്കിയിരുന്നു. എന്നാൽ, ഫോൺ ഉപയോഗിച്ച ആളിനെപ്പറ്റി സൂചന ലഭിച്ചില്ല. പള്ളിപ്പാട് മുക്കിൽ സ്റ്റുഡിയോ നടത്തിവന്ന സജിത് സ്റ്റുഡിയോ മറ്റൊരാളിനു കൈമാറുകയും 2016 നവംബർ 10ന് ഖത്തറിലേക്ക് ജോലിക്ക് പോകുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് വന്നില്ല. അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച് കൂടുതൽ തെളിവിലേക്ക് എത്തിച്ചേർന്നു. ഒടുവിൽ ബന്ധുവിന്റെ സഹായത്തോടെ നാട്ടിലേക്ക് വിളിച്ചു വരുത്തി. കാത്തിരിക്കുന്നത് വിലങ്ങാണെന്ന് അപ്പോഴും സജിത് കരുതിയില്ല. വിവരം ഭാര്യയിൽ നിന്നു പോലും ഇയാൾ മറച്ചുവച്ചു.

ഒരു മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതി കുടുങ്ങാൻ ഇടയാക്കിയത്. ഈ മൊബൈൽ ഫോൺ നമ്പർ ക്രൈംബ്രാഞ്ചിൽനിന്നു സജിത്ത് സമർത്ഥമായി ഒളിച്ചുവച്ചിരിക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 13-നാണ് ജലജയെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുരൻ വിദേശത്തായിരുന്നു. മക്കൾ ചെന്നൈയിൽ വിദ്യാർത്ഥികളും.

 

shortlink

Post Your Comments


Back to top button