Latest NewsKeralaIndia

ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി: കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ആലപ്പുഴ:  പോലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. റെനീസിന്റെ ബന്ധുവും കാമുകിയുമായ ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റമാണ് ഷഹാനയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തി.

നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി താമസിക്കാൻ നിർബന്ധിച്ചു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തൽ.കേസിൽ നേരത്തെ നജ്‌ലയുടെ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങൾ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തൽ.

ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു റനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

നജ്‌ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്‌ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഷഹാനയെ കല്യാണം കഴിക്കാന്‍ നജ്‌ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരീരിക പീഡനങ്ങളാണ് നജ്‌ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

പല സ്ത്രീകളും തമ്മിലുള്ള റെനീസിന്റെ വാട്‌സാപ് ചാറ്റുകൾ പലതവണ നജ്‌ല കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റെനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാർട്ടേഴ്‌സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജ്‌ല വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റെനിസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജ്‌ലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജ്‌ല തുടർന്ന് വന്നതെന്നും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button