Latest NewsIndia

4 ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നു: ഷിൻഡെ ചെറിയ മീനല്ല, ശിവസേനയെ വിഴുങ്ങാൻ ശേഷിയുള്ള വമ്പൻ സ്രാവ്

മുംബൈ: നാലു ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നതോടെ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയിൽ ഒരു സ്വാധീനവും ഇല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ, ശിവസേന എന്നാൽ ഏക്നാഥ് ഷിൻഡെ ആണെന്നുള്ള സൂചനകളും പുറത്തു വന്നു കഴിഞ്ഞു. ഇന്നലെ തന്നെ രാജിവെക്കാനിരുന്ന ഉദ്ദവ് താക്കറെയുടെ മനസ്സ് മാറ്റിയത് പവാറിന്റെ തന്ത്രമായിരുന്നു. സർക്കാർ വീഴാതിരിക്കാൻ പവാറിനെ കൊണ്ട് ആവുന്നതെല്ലാം ചെയ്യാൻ നോക്കുകയാണ് എൻസിപി അധ്യക്ഷൻ ഇപ്പോൾ. ഇതുവരെ ഉദ്ദവിനെ മുൻനിർത്തി ഭരണം നടത്തിയത് പവാർ തന്നെയായിരുന്നു.

എന്നാൽ, അഴിമതിയിൽ മന്ത്രിമാർ വരെ ജയിലിൽ പോകുകയും ശിവസേന എന്ന പാർട്ടിയുടെ അസ്തിത്വത്തിൽ വിട്ടുവീഴ്ച്ച വന്നതോടെ അണികൾക്ക് എതിർപ്പ് ഉണ്ടാക്കുകയായിരുന്നു. ഏക്നാഥ് ഷിൻഡെ ഒരു ചെറിയ മീനല്ല എന്ന് തെളിയിക്കുകയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. താക്കറെ കുടുംബം കഴിഞ്ഞാൽ ഏറ്റവും കരുത്തനായ നേതാവാണ് ഏക്‌നാഥ് ഷിൻഡെ.

അദ്ദേഹത്തിന്റെ ജീവിത ചരിത്രം കാണാം:

താനെയിലെ ബിയർ ബ്രൂവറിയിലെ ജോലിക്കാരൻ. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിച്ചു. തുടർന്ന് സ്വകാര്യകമ്പനിയിൽ ജോലി. അവിടെ നിന്നാണ് ആ ചെറുപ്പക്കാരൻ ശിവസേനയുമായി അടുക്കുന്നത്. ആനന്ദ് ദിഗെയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ത​ന്റെതായ ഒരു സ്ഥാനം പടുത്തുയർത്തി. പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ ആനന്ദ് ദിഗെയുടെ രാഷ്ട്രീയ ശൈലി കടമെടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ പോലെ തന്നെ താടിയും വളർത്തി രൂപത്തിലും ഭാവത്തിലും അതേ ശൈലി കൊണ്ടുവന്നു.

രാഷ്ട്രീയത്തിൽ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടും പ്രവർത്തിച്ച ഷിൻഡെ ഛഗൻ ഭുജ്ബാലിനെയും, നാരായൺ റാണെയും പോലെ ശിവസേനയിൽ പിളർപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും നാരായൺ റാണെയുടെയും കലാപത്തിന് ശേഷം സേനാ റാലികളിലേക്ക് ആളെ കൂട്ടാൻ കഴിഞ്ഞതും ഷിൻഡെയ്ക്കായിരുന്നു. പിന്നീട് ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ച് പൊതുപ്രവർത്തനത്തിൽ സജീവമായി. ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ചാണു പൊതുപ്രവർത്തനത്തിലേക്ക് കടന്നത്.

1997-ൽ താനെ മുനിസിപ്പൽ കോർപറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് വലിയൊരു ദുരന്തത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. സതാരയിൽ, ഷിൻഡെയുടെ കൺമുമ്പിൽ വച്ച് മക്കളായ ദീപേഷും ശുഭദയും മുങ്ങിമരിച്ചു. ഇതോടെ രാഷ്ട്രീയം വിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ അപകടത്തോടെ മനം മടുത്ത് എല്ലാറ്റിൽ നിന്നും അകന്നുനിന്നു. എന്നാൽ, രാഷ്ട്രീയ ഗുരുവായ ആനന്ദ് ദിഗെ പ്രോത്സാഹിപ്പിച്ചതോടെ പതിയെ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടന്നു വരുകയായിരുന്നു.

2001-ൽ താനെ കോർപ്പറേഷൻ തലപ്പത്തെത്തി. അതേ വർഷം ആനന്ദ് ദിഗെ റോഡ് അപകടത്തിൽ മരിച്ചപ്പോൾ, പാർട്ടിയിലെ വിടവ് നികത്താൻ കഴിഞ്ഞുവെന്നതാണ് ഷിൻഡെയുടെ വളർച്ചയുടെ രഹസ്യം. താനെ മേഖലയിൽ ശിവസേന എന്നാൽ, ഷിൻഡെ എന്നായി. വമ്പൻ രാഷ്ട്രീയ പരിപാടികളെല്ലാം സംഘടിപ്പിക്കുന്നതും ഷിൻഡെ ആയിരുന്നു. രാഷ്ട്രീയത്തിൽ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടും പ്രവർത്തിച്ച ഷിൻഡെ സ്വന്തം പാർട്ടിക്കാരുമായി മാത്രമല്ല, മറ്റുരാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉറ്റ ബന്ധം പുലർത്തുന്ന നേതാവാണ്.

സഹപ്രവർത്തകർ അദ്ദേഹത്തെ ഭായ് എന്നാണ് സ്‌നേഹപൂർവം വിളിക്കുന്നത്. തന്റെ വളർച്ചയ്‌ക്കൊപ്പം മക്കൾ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ വച്ചു. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്സഭാ എംപിയും സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറുമാണ്. ബിജെപിയുമായി ശിവസേന വഴിപിരിഞ്ഞ 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഷിൻഡെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായി.

താനെയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൊയ്ത 2017ലെ താനെ കോർപ്പറേഷൻ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ഷിൻഡെക്ക് പ്രധാന പങ്കുണ്ടായിരുന്നു. 2005-ൽ നാരായൺ റാണെയെ ശിവസേനയിൽ നിന്നു പുറത്താക്കുകയും 2006-ൽ ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിക്കുകയും ചെയ്തതോടെ നേതൃത്വം ഷിൻഡെയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. അക്കാലത്തു രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ഷിൻഡെയ്ക്കു കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ശിവസേനയിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

ഇന്നിപ്പോൾ ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെയുടെ പക്ഷം നിൽക്കുന്നതിന്റെ കാരണവും അദ്ദേഹത്തിന്റെ പാർട്ടി ഐഡിയോളജിയിൽ നിന്ന് വ്യതിചലിക്കാത്ത നിശ്ചയദാർഢ്യം തന്നെയാണ്. ആദിത്യ താക്കറെ വന്നതോടെയാണ് പാർട്ടിയുടെ നിലപാട് കോൺഗ്രസിനെ പോലെയായത് എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിരുന്നു. ഇനിയും വൈകിയാൽ പാർട്ടി തന്നെ ഇല്ലാതാവുമെന്ന് ഷിൻഡെ ഭയന്നിരുന്നു. ഇതാണ് ചുവടുമാറ്റത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button