Latest NewsIndia

ശമ്പളത്തിലും അവധിയിലും മാറ്റം: പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാം

ന്യൂഡൽഹി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകളാണ് സർക്കാർ പുറത്തിറക്കുന്നത്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ജീവനക്കാർക്ക് നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം. ശമ്പളം, പിഎഫ് വിഹിതം, ജോലി സമയം എന്നിവയിലെല്ലാം കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും. തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവയിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ പുതിയ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ രാജ്യത്തുടനീളമുള്ള വവിധ തൊഴിൽ സംഘടനകളുടെ സമീപനത്തിലും മാറ്റം പ്രതീക്ഷിക്കാം.

പ്രവൃത്തിദിവസങ്ങളിലെ മാറ്റമാണ് പുതിയ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ നടപ്പിലാക്കാൻ സാധ്യതയുള്ള ഒരു പ്രധാന കാര്യം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ജീവനക്കാർക്കാരുടെ പ്രവ‍‍ൃത്തി ദിനങ്ങൾ അഞ്ചിൽ നിന്നും നാലായി ചുരുങ്ങും. അതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം അവധിയും ലഭിക്കും. പക്ഷേ, ജോലി സമയത്തിൽ മാറ്റം ഉണ്ടാവില്ല. എട്ട് മണിക്കൂറിനു പകരം 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. പുതിയ നിയമങ്ങൾ‌ എല്ലാ വ്യവസായ മേഖലകൾക്കും ബാധകമായിരിക്കും. എന്നാൽ, ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക നിയമങ്ങൾ കണക്കിലെടുത്ത് ഇതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.പുതിയ നിയമം നടപ്പിലാക്കുന്നതോടെ ജീവനക്കാരന്റെ കൈയിൽ കിട്ടുന്ന ശമ്പളത്തിന്റെയും ജീവനക്കാരും തൊഴിലുടമയും നൽകേണ്ട പിഎഫ് വിഹിതത്തിന്റെയും അനുപാതത്തിലും മാറ്റം ഉണ്ടാകും.

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം മൊത്ത ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. ജീവനക്കാരും തൊഴിലുടമയും നൽകേണ്ട പിഎഫ് വിഹിതം ഉയരാൻ ഇത് കാരണമാകുമെങ്കിലും ചില ജീവനക്കാർക്ക്, പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കുറയാനും ഇത് കാരണമായേക്കാം. പുതിയ നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന തുകയും ഗ്രാറ്റുവിറ്റി തുകയും ഉയരാൻ സാധ്യത ഉണ്ട്.പുതിയ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ ജീവനക്കാർക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ അവധികൾ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഒരു വർഷത്തെ അവധികൾ തുടർന്നുള്ള വർഷത്തേക്ക് എടുക്കാൻ സാധിക്കും വിധം നീട്ടിക്കൊണ്ടു പോകുന്നതിനും അവധികൾ വേണ്ടെന്നുവെച്ച് പകരം പണം സ്വീകരിക്കുന്നതിനും ഉള്ള നയങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.

കോവിഡ് -19 കാലത്ത് കൂടുതൽ പ്രചാരം നേടി വന്ന ‘വർക്ക് ഫ്രം ഹോമിനും’ സർക്കാർ അംഗീകാരം നൽകിയേക്കും. ഇതിന് പുറമെ അവധി ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളിലും പുതിയ നിയമങ്ങൾ മാറ്റം വരുത്തുന്നുണ്ട്. പുതിയ ജോലിയിൽ ചേർന്ന ശേഷം ഒരു ജീവനക്കാരന് അവധി ലഭിക്കുന്നതിന് ജോലി ചെയ്യേണ്ട ദിവസങ്ങളുടെ എണ്ണം 180 ദിവസത്തിൽ നിന്നും 240 ദിവസമായി ഉയർത്തും. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, അരുണാചൽ പ്രദേശ്, ഹരിയാന, ഝാർഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ബിഹാർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം പുതിയ തൊഴിൽ നിയമങ്ങളുടെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button