KeralaLatest News

‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..’ മലയാളിയുടെ ശീലമായ ഗാനങ്ങൾ നൽകിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഓർമ്മയായി

തൃശൂർ: ഭക്തിഗാനങ്ങളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരൻ.. മലയാളികൾ ഇന്നും ഒരു ശീലം പോലെ പാടുന്ന ഭക്തിഗാനങ്ങൾ പിറന്നുവീണതും അതേ തൂലികയിൽ നിന്ന്.. ‘ഒരു നേരമെങ്കിലും കാണാതെ വയ്യന്റെ ഗുരുവായൂരപ്പ നിൻ ദിവ്യരൂപം’..  ’ഉദിച്ചുയർന്നു മാമല മേലെ ഉത്രം നക്ഷത്രം’  തുടങ്ങിയ ഗാനങ്ങൾ ഒരു വട്ടമെങ്കിലും കേൾക്കാത്ത മലയാളികളില്ല. എന്നാൽ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്ന പേര് പരിചയമില്ലാത്തവരുണ്ടാവാം പക്ഷെ അദ്ദേഹമെഴുതിയ വരികൾ അറിയാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. 86-ാമത്തെ വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ ബാക്കിയാകുന്നതും മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഈ വരികളൊക്കെ തന്നെയാണ്.

ഇന്നലെ രാത്രി 10.45ന് അമല മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. മൂവായിരത്തോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം.., ‘ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം..’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ ചൊവ്വല്ലൂർ എഴുതിയവയാണ്. പ്രശസ്തമായ ചിലത്: ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക് തുടങ്ങി അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന ഗാനങ്ങൾ.

ചെറുകഥ, നോവൽ, വിവർത്തനം, നർമ്മലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ പതിനെട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ആദ്യകാല സൂപ്പർഹിറ്റ് സിനിമയായ ‘പ്രഭാതസന്ധ്യ’യുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നിവയടക്കമുള്ള സിനിമകൾക്കായും തിരക്കഥകൾ എഴുതി. ‘സർഗം’ എന്ന സിനിമയുടെ സംഭാഷണം എഴുതിയത് ചൊവ്വല്ലൂരാണ്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കീഴ്പടം സുകുമാരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ചമ്പക്കുളം പാച്ചുപിള്ള തുടങ്ങിയവരെക്കുറിച്ച് ഡോക്യുമെന്ററികൾ ചെയ്തു. കഥ, കവിത, ഗാനരചന, നാടകം, തിരക്കഥ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ്‌ ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികൾ വഹിച്ചു.

ഹാസ്യ സാഹിത്യക്കാരനു‌ള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്കാരം, രേവതി പട്ടത്താനം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ ചൊവ്വല്ലൂർ വാരിയത്ത് 1936 ജൂലൈ 11നായിരുന്നു ജനനം. ഗുരുവായൂർ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും പാരമ്പര്യമായി കഴകപ്രവൃത്തിയുടെ അവകാശമുള്ള കുടുംബമാണിത്. വിവിധ വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂർ കാവിൽ വാരിയത്ത് ശങ്കുണ്ണിവാരിയരാണു പിതാവ്. അമ്മ പാറുക്കുട്ടി വാരസ്യാർ. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, പരേതനായ ദേശീയ ബാസ്കറ്റ് ബോൾ താരം സുരേഷ് ചെറുശ്ശേരി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button