KeralaLatest NewsEntertainment

നടിയും സംവിധായികയുമായ അംബിക റാവുവിന്റെ അന്ത്യം കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

തൃശ്ശൂർ: മലയാള സിനിമയിൽ അഭിനേത്രിയായും അസിസ്റ്റന്റ് ഡയറക്റ്ററായും നിറഞ്ഞുനിന്ന അംബികാ റാവു അന്തരിച്ചു. തൃശ്ശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം നേരത്തെ ചികിത്സയിൽ ആയിരുന്നു. ഇതിനിടെ, കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അംഗമാണ്. ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.

ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട്, പ്രമുഖ സംവിധായകർക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ, തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്ക്യം, വെള്ളിനക്ഷത്രം, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.

‘ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡയലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുകയാണ് പ്രധാന ജോലി. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലാസ്മേറ്റ്‌സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് & പെപ്പർ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ എന്ന കഥാപാത്രം അടുത്ത കാലത്ത് അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷമാണ്.

രണ്ട് വൃക്കകളും തകരാറിലായി ലിവർ സിറോസിസും ബാധിച്ച്, കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അംബിക റാവു. വയറ്റിൽ വെള്ളം നിറയുന്ന അവസ്ഥയിലുമായിരുന്നു. ഭാരം അനുഭവപ്പെടുന്നതിനാൽ എഴുന്നേറ്റ് നിൽക്കാനും സാധിക്കില്ലായിരുന്നു. ഡയാലിസിസിനും മരുന്നുകൾക്കുമൊക്കെയായി നല്ല ഒരു തുക ആവശ്യമായി വന്നിരുന്നതിനാൽ സുഹൃത്തുക്കൾ ചേർന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. ഡയാലിസിസിന് താരം ആഴ്ചയിൽ രണ്ട് തവണ വിധേയയായിരുന്നു.

താരത്തിന് എല്ലാവിധ സഹായവുമായി കൂടെ കൈത്താങ്ങായിരുന്ന സഹോദരൻ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയിൽ ആയതോടെയാണ് നടി തുടർ ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയത്. സിനിമ മേഖലയിലെ സുഹൃത്തുക്കൾ നടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ നടൻ ജോജു ജോർജ്ജ് അടക്കം നടിക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.

അംബിക റാവുവിന്റെ അച്ഛൻ മറാഠിയും അമ്മ മലയാളിയുമാണ്. അച്ഛനാണ് അംബികയ്ക്കും സഹോദരങ്ങൾക്കും കലാപരമായ രംഗത്തേക്ക് ഇറങ്ങാനുള്ള സ്വാതന്ത്രം നൽകിയത്. മുപ്പത്തിയാറാം വയസ്സിൽ വിവാഹ മോചിതയായി നിൽക്കുന്ന സമയത്താണ് അംബിക അവിചാരിതമായി സിനിമയിൽ എത്തുന്നത്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ. തൃശ്ശൂർ തിരുവമ്പാടിയിലുള്ള സഹോദരന്റെ ഫ്ളാറ്റിലായിരുന്നു അംബിക താമസിച്ചിരുന്നത്. വിവാഹ മോചിതയാണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

shortlink

Post Your Comments


Back to top button