KeralaLatest NewsNews

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഈ വർഷം അവസാനം: മന്ത്രി അഹമ്മദ് ദേവർകോവിൽ

 

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ 220 കെ.വി ജി.ഐ.എസ് ഇലക്ട്രിക് സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികൾ തരണം ചെയ്ത് പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തെ ട്രാൻസ്ഷിപ്മെന്റ് വ്യവസായത്തെ കേരളത്തിലേക്ക് ആകർഷിക്കാൻ വിഴിഞ്ഞത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്ത് തുറമുഖങ്ങളിലൂടെയുള്ള ചരക്കു കൈമാറ്റത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിനു കഴിയുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ധാരാളം അനുബന്ധ വ്യവസായങ്ങളും വരും.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകണമെന്ന് ചടങ്ങിൽ പങ്കെടുത്ത ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

വിഴിഞ്ഞം മുക്കോലയിലാണ് പുതിയ 220 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. സബ്സ്റ്റേഷൻ വളപ്പിൽ നടന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ, കൗൺസിലർ ഓമന, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, സി.ഇ.ഒ ജയകുമാർ, അദാനി വിഴിഞ്ഞം സി.ഇ.ഒ രാജേഷ് ഝാ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button