KeralaLatest News

എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞ അക്രമി എത്തിയത് സ്‌കൂട്ടറിൽ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെ എകെജി സെന്ററിനു നേരെ ബോംബേറ്. സ്ഫോടകവസ്തു എറിഞ്ഞയാൾ എത്തിയത് രാത്രി 11.24 ഓടെ സ്കൂട്ടറിൽ എന്ന് കണ്ടെത്തൽ. കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി മതിലിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്ന സിസിടിവി ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ പുറത്തു വിട്ടു. പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

വെള്ളിയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. രാഹുലിന്റെ വയനാട് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം മുൻപേയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനു ശേഷം വയനാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം കൂടിയാണിത്.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകൾക്കുള്ള സുരക്ഷയും കണ്ണൂർ നഗരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കി. ജില്ലയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും ഡിസിസി ഓഫീസിനും സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലാ നേതാക്കളോടും ജാഗ്രതയോടെ ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button