KeralaLatest NewsNews

പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകം, മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സംശയം

പേവിഷ ബാധിച്ച് ആളുകള്‍ മരിക്കുന്നത് നിത്യസംഭവമാകുന്നു, ആരോഗ്യമേഖലയില്‍ നമ്പര്‍ വണ്ണാണ് കേരളമെന്ന് പറയുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്

 

കോഴിക്കോട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് ആളുകള്‍ മരിക്കാനിടയായ സംഭവം ആശങ്കാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’: യുവാക്കൾക്ക് ഉപദേശവുമായി മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍

‘കെ.എം.എസ്.സി.എല്ലില്‍ നടക്കുന്ന അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് വഴിവെച്ചതെന്ന് വ്യക്തമാണ്’, കെ.സുരേന്ദ്രന്‍ ആരോപിച്ചു.

‘സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടേയും ഗുണനിലവാരം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുത്. സര്‍ക്കാര്‍ ആശുപത്രിയില്‍ കെ.എം.എസ്.സി.എല്‍ വിതരണം ചെയ്യുന്ന
മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ കാരണം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പോലും രോഗികള്‍ക്ക് അത് എഴുതാന്‍ മടിക്കുന്ന കാര്യം പരസ്യമായ രഹസ്യമാണ്’ , അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘ആധുനിക കാലത്ത് പേവിഷ ബാധിച്ച് ആളുകള്‍ മരിക്കുന്നത് ലജ്ജാകരമാണ്. ആരോഗ്യമേഖലയില്‍ നമ്പര്‍ വണ്ണാണ് കേരളമെന്ന് പറയുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം ജീവന്‍ നഷ്ടമായവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ആരോഗ്യമന്ത്രി തയ്യാറാകണം’, കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button