Latest NewsKeralaNews

ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതിൽ ഇതുവരെ 519 ഹോട്ടലുകൾക്കാണ് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകിയത്. തിരുവനന്തപുരം 5, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശൂർ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂർ 46, കാസർഗോഡ് 25 എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ളവ പരിശോധനകളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഇനി ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്

ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കും. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സർട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താൻ കഴിയും.

പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണ് നൽകുന്നത്. കടകൾ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ഗ്രീൻ കാറ്ററിയിലും ഫോർ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവർക്ക് റേറ്റിംഗ് നൽകുന്നതല്ല.

ഭക്ഷ്യ സുരക്ഷാ ഓഫീസർ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അപേക്ഷ നൽകിയ സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡ പ്രകാരം പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീഓഡിറ്റിൽ കണ്ടെത്തുന്ന ന്യൂനതകളും അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും നൽകുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേൻമ ഉൾപ്പെടെയുള്ളവ പരിശോധിക്കും. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പരിശീലനവും നൽകും. അതിന് ശേഷം എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തിൽ ഫൈനൽ ഓഡിറ്റ് നടത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

രണ്ട് വർഷത്തേയ്ക്കുള്ള സ്റ്റാർ റേറ്റിംഗാണ് നൽകുന്നത്. രണ്ട് വർഷത്തിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിർത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയർത്താം. ഇതിലൂടെ ഹോട്ടലുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും കച്ചവടം ഉയർത്താനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: പക്ഷപാതപരവും കൃത്യതയില്ലാത്തതും: മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് സമിതിയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ 

shortlink

Related Articles

Post Your Comments

Related Articles


Back to top button