Latest NewsIndia

35കാരന്റെ വധുവായി നാലാം വിവാഹം നടത്തി തട്ടിപ്പ്: 54 കാരി ചെന്നൈയിൽ കുടുങ്ങി

ചെന്നൈ: പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ പിടിയിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയെന്ന 54 കാരിയാണ് ചെന്നൈയിൽ അറസ്റ്റിലായത്. വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയായ ഇവര്‍ ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു.

11 വര്‍ഷം മുന്‍പു വീടു വിട്ട ഇവര്‍ സേലം സ്വദേശിയെയാണു പിന്നീട് വിവാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി മുങ്ങിയ ശേഷം ജോലാര്‍പേട്ടയിലെ റയില്‍വേ ക്യാന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി. കോവിഡ് സമയത്ത് അമ്മയെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് ജോലാര്‍പേട്ടയില്‍ നിന്നു മുങ്ങി. തുടർന്നാണ് സ്വകാര്യ കമ്പനിയില്‍ മാനേജറായ ആവഡി സ്വദേശി ഗണേഷെന്ന 35 കാരന്റെ വിവാഹ പരസ്യം കണ്ട് ഇവരെത്തിയത് ആന്ധ്രയിലെ പുത്തൂർ സ്വദേശിനി ശരണ്യ എന്ന പേരിലായിരുന്നു.

കഴിഞ്ഞകൊല്ലം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയ മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി വിവാഹ സമയത്തു സമ്മാനിച്ചത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു ദമ്പതികള്‍ തമ്മില്‍ തെറ്റി. പിറകെ ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ടു ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി.

സ്വത്ത് എഴുതിനല്‍കാന്‍ ഗണേഷ് തയാറായെങ്കിലും ആധാർ കാര്‍ഡ് നല്‍കാതെ ശരണ്യ കബളിപ്പിച്ചു. സംശയം തോന്നിയ ഇന്ദ്രാണി ശരണ്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനു ശേഷം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വിവാഹിതരായ പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യയാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

ബ്രോക്കര്‍മാര്‍ വഴി പുനര്‍വിവാഹത്തിനൊരുങ്ങുന്ന പുരുഷന്‍മാരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ്. പെണ്ണ് കാണലിനു മുന്‍പു ബ്യൂട്ടി പാര്‍ലറില്‍ പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവര്‍ക്കെല്ലാം ഇഷ്ടപെടുകയും ചെയ്തു. ഇങ്ങനെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പുരുഷന്മാരുടെ സ്വത്തിലായിരുന്നു ഇവരുടെ കണ്ണ് എന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button