KeralaLatest NewsNews

റേഷൻ വിതരണം സുതാര്യമാകും, വിതരണ വാഹനങ്ങളിൽ ഇനി ജി.പി.എസ് നിരീക്ഷണം

 

 

വയനാട്: ജില്ലയിലെ റേഷൻ വിതരണം സുതാര്യമാക്കാൻ വിതരണ വാഹനങ്ങളിൽ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നു. ജൂലൈ രണ്ടാം പകുതിയോടെ റേഷൻ വിതരണത്തിനായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളും ജി.പി.എസ് നിരീക്ഷണത്തിലാകുന്നതിനുളള നടപടികൾ സപ്ലൈകോയും പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പും പൂർത്തിയാക്കും. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായുള്ള ടെണ്ടർ നടപടികൾ ജില്ലയിൽ അവസാന ഘട്ടത്തിലാണ്. കൽപ്പറ്റ ഡിപ്പോയിലെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

മാനന്തവാടി, ബത്തേരി ഡിപ്പോകളിലെ ടെണ്ടർ നടപടികൾ വരുന്ന ദിവസങ്ങളിൽ പൂർത്തിയാകും. അമ്പതോളം വാഹനങ്ങളാണ് റേഷൻ വിതരണത്തിനായി ജില്ലയിൽ ആവശ്യമുള്ളത്. ഡിപ്പോകളിൽ നിന്നും റേഷൻ സാധനങ്ങളുമായി പുറപ്പെടുന്ന വാഹനങ്ങളെല്ലാം ജി.പി.എസ് നിരീക്ഷണത്തിലാവുന്നതിലൂടെ സുതാര്യവും സുശക്തവുമായ റേഷൻ വിതരണമാണ് ലക്ഷ്യമിടുന്നത്.

മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തി വാഹനങ്ങളെല്ലാം കേന്ദ്രീകൃത രീതിയിൽ ഒന്നിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. വെഹിക്കിൾ ട്രാവലിങ്ങ് ഫ്ലീറ്റ് മാനേജ്‌മെന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ് സംവിധാനം വെഹിക്കിൾ ട്രാവലിങ്ങ് ഫ്ലീറ്റ് മാനേജ്‌മെന്റ് സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കും. ഇതുവഴി വാഹനങ്ങളുടെ സഞ്ചാരവഴി ഓഫീസിൽ അധികൃതർക്ക് തത്സമയം നിരീക്ഷിക്കാൻ കഴിയും.

ജില്ലയിൽ മാനന്തവാടി അഞ്ചാംമൈലിനടുത്ത മാനാഞ്ചിറ, ബത്തേരിയിലെ കൊളഗപ്പാറ, കൽപ്പറ്റ എമിലിയിലുള്ള ടി.പി ഗോഡൗൺ എന്നീ ഗോഡൗണുകളിലേക്കാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിൽ നിന്നും റേഷൻ സാധനങ്ങൾ വിതരണത്തിനായി എത്തിക്കുന്നത്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിൽ നിന്നും ജില്ലയിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കും തുടർന്ന് എഫ്.പി.എസ് ഷോപ്പുകളിലേക്കും റേഷൻ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളിലും ജി.പി.എസ് സംവിധാനം ഘടിപ്പിക്കും. ഇതോടെ റേഷൻ കടകളിൽ റേഷൻസാധങ്ങൾ എത്തുന്നതുവരെയുള്ള റൂട്ടുകളെല്ലാം നിരീക്ഷണത്തിലാവും. സി.എം.ആർ മില്ലുകളിൽ നിന്നും എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് വരുന്ന വാഹനങ്ങളിലെ ജി.പി.എസ് സംവിധാനവും സോഫ്‌റ്റ്വെയറുമായി ബന്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button