Latest NewsNewsInternational

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ കാർ കണ്ടെടുത്തു: മഹത്തായ ചരിത്ര സ്മാരകമാക്കും

കാണ്ഡഹാർ: 9/11 ആക്രമണത്തിന് ശേഷം യു.എസ് സേനയുടെ ലക്ഷ്യത്തിൽ നിന്ന് രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ കണ്ടെടുത്തു. രണ്ട് പതിറ്റാണ്ടിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന കാർ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നിന്നാണ് കണ്ടെടുത്തത്. 9/11 യു.എസ് ആക്രമണത്തിന് പിന്നാലെ തന്നെ പിന്തുടര്‍ന്ന യു.എസ് സേനയില്‍ നിന്ന് രക്ഷപ്പെടാനായി ഭീകരവാദിയായ മുല്ല ഒമർ ഉപയോഗിച്ചത് ഈ കാർ ആയിരുന്നു.

സാബുൾ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലെ പൂന്തോട്ടത്തിൽ നിന്നാണ് വെളുത്ത ടൊയോട്ട കൊറോള കണ്ടെടുത്തത്. ഈ ആഴ്ച തന്നെ കാര്‍ പുറത്തെടുക്കണമെന്ന് താലിബാന്‍ നേതാവ് അബ്ദുള്‍ ജബ്ബാര്‍ ഒമറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനം ഇപ്പോഴും നല്ല നിലയിലാണുള്ളതെന്നും, അതിന്റെ മുൻഭാഗത്തിന് മാത്രമാണ് അൽപ്പം കേടുപാടുകൾ സംഭവിച്ചതെന്നും സാബുൽ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ റഹ്മത്തുള്ള ഹമ്മദ് എഎഫ്‌പിയോട് പറഞ്ഞു.

2001–ല്‍ മുജാഹിദീനെന്ന താലിബാന്‍ അംഗം ഒമറിന്റെ സ്മാരകമായി കണ്ട് നഷ്ടമാകാതിരിക്കാൻ കാര്‍ കുഴിച്ചിടുകയായിരുന്നു. തലസ്ഥാനത്തെ ദേശീയ മ്യൂസിയത്തിൽ ‘മഹത്തായ ചരിത്ര സ്മാരകമായി’ കാർ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് താലിബാൻ. രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന് ശേഷം 1996-ൽ കടുത്ത ഇസ്ലാമിക പ്രസ്ഥാനത്തെ അധികാരത്തിലെത്തിക്കുകയും രാജ്യത്ത് ഇസ്ലാമിക നിയമങ്ങളുടെ കർശനമായ വ്യാഖ്യാനം അടിച്ചേൽപ്പിക്കുകയും ചെയ്ത മുല്ല ഒമറാണ് കാണ്ഡഹാറിൽ താലിബാൻ രൂപീകരിച്ചത്.

സെപ്തംബർ 11 ആക്രമണത്തിന്റെ ശില്പികളായ ഒസാമ ബിൻ ലാദനും അൽ-ഖ്വയ്ദയും ഉൾപ്പെടെയുള്ള ജിഹാദി ഗ്രൂപ്പുകളുടെ സങ്കേതമായി അഫ്ഗാനിസ്ഥാൻ പിന്നീട് മാറി. ബിൻ ലാദനെ കൈമാറാൻ താലിബാൻ വിസമ്മതിച്ചപ്പോൾ, യുഎസും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി. യു.എസ് അഫ്‌ഗാനിൽ അധിനിവേശം നടത്തി താലിബാനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയും പുതിയ സർക്കാർ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button