Latest NewsIndia

സിൻഹ പ്രചാരണത്തിന് ഇങ്ങോട്ട് വരേണ്ടെന്ന് മമത, ജാർഖണ്ഡിലും അയിത്തം: പ്രതിപക്ഷപാർട്ടികൾ പിന്മാറുമ്പോൾ വെട്ടിലായി കോൺഗ്രസ്

ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണ വിലക്ക്. തൃണമൂൽ കോൺഗ്രസ് നേതാവായ സിൻഹ ബംഗാളിൽ വോട്ട് ചോദിച്ചു വരേണ്ട എന്നാണ് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർഥിയും ഗോത്രവിഭാഗക്കാരിയുമായ ദ്രൗപദി മുർമുവിനെ എതിർത്താൽ ബംഗാളിൽ തങ്ങളെ പിന്തുണയ്ക്കുന്ന ആദിവാസി വിഭാഗം പിണങ്ങുമോ എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആശങ്ക.

പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായി സിൻഹയെ മുന്നോട്ടു വച്ചത് മമത തന്നെയാണ്. പിന്നാലെയാണ് ദ്രൗപദിയുടെ സ്ഥാനാർഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ബംഗാളിൽ ജംഗൽമഹൽ, പുരുലിയ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിൽ ദ്രൗപദിയുടെ ഗോത്രമായ സാന്താൾ വിഭാഗക്കാരാണ് 80 ശതമാനവും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച ഈ വിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനൊപ്പമായിരുന്നു. സിൻഹയുടെ വരവ് ഇവരുടെ പിന്തുണ നഷ്ടമാക്കുമോ എന്ന ആശങ്കയാണ് മമതയ്ക്ക്.

ദ്രൗപദി മുർമുവിനെ നേരത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നെന്നെങ്കിൽ സമവായ സ്ഥാനാർഥിയാക്കാമായിരുന്നു എന്നു മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ജാർഖണ്ഡിൽ യുപിഎ ഘടകകക്ഷിയായ ജെഎംഎമ്മും നാട്ടുകാരിയായ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണോ എന്ന ചിന്തയിലാണ്. ഇതേതുടർന്ന്, സിൻഹ രണ്ടു സംസ്ഥാനങ്ങളിലെയും പ്രചാരണം നിർത്തിവെച്ചു. ഇന്നലെ യുപിയിൽ പര്യടനം നടത്തിയ അദ്ദേഹം, ഇന്ന് ഗുജറാത്തിലെത്തും.

ജമ്മു കശ്മീരിൽ നിയമസഭ ഇല്ലെങ്കിലും അവിടുത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അവിടെയും പോകുന്നുണ്ട്.
ജനതാദൾ(എസ്) ദ്രൗപദിക്കു പിന്തുണ നൽകുമെന്ന് പറഞ്ഞിരുന്നു. ശിവസേന പിളർപ്പു കൂടിയായതോടെ സിൻഹയുടെ വോട്ടുകളിൽ വീണ്ടും കുറവുണ്ടാകാൻ സാധ്യതയുണ്ട്. പലയിടത്തും പ്രതിപക്ഷത്തിന്റെ വോട്ടുകൾ കൂടി ദ്രൗപദി മുർമുവിനു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button