KeralaCinemaMollywoodLatest NewsNewsEntertainment

‘ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല’: വിവാദ പരാമര്‍ശവുമായി മംമ്ത

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് മംമ്ത മോഹന്‍ദാസ്. ചുരുക്കം ചില സംഭവങ്ങളൊഴികെ ഇരയാകാൻ സ്ത്രീകൾ നിന്നുകൊടുക്കുന്നുണ്ടെന്നും, താന്‍ ഒരു സംഭവത്തിന്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണെന്നും മംമ്ത പറഞ്ഞു. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടതാണെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

പരാതിപ്പെടാനുള്ള ബുദ്ധി ഉണ്ടെങ്കിൽ, അയാളെക്കുറിച്ച് നേരത്തെ തന്നെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെൺകുട്ടിക്കുണ്ടെന്ന് താരം പറയുന്നു. ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതകള്‍ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് മംമ്തയുടെ വിവാദ പരാമര്‍ശങ്ങള്‍.

also Read:അസൗകര്യമുണ്ടെങ്കിൽ പരിപാടിക്ക് വരേണ്ടതില്ല, കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് കാര്യമില്ല: വിവാദ പരിപാടിയെ കുറിച്ച് വിസ്‌ഡം

‘ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്‌ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണ്. ലോകത്ത് തന്നെ ഒരു ഡിവിഷനുണ്ട്. അത് ഇന്‍ഡസ്ട്രിയിലുമുണ്ട്. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടാവും, രണ്ട് വശങ്ങളെ പറ്റിയും അറിയാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. തെറ്റ് സംഭവിച്ചാല്‍ രണ്ട് വശത്ത് നിന്നും തുല്യപങ്കാളിത്തമുണ്ടായിരിക്കും. ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാന്‍ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല.

ഏത് സിറ്റുവേഷനിലേക്ക് പോകുന്നതിനും മുൻപ് ചിന്തിക്കുക. ഞാന്‍ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോള്‍ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം. അയാൾ നമ്മളെ നോക്കുന്ന നോട്ടം, നമ്മളോടുള്ള പെരുമാറ്റം എല്ലാം മനസിലാക്കണം. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ആ ഇരക്കൊപ്പം നില്‍ക്കണം. എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. അതില്‍ നിന്നും വളരണം. ഞാനും ഈ ഫേസുകള്‍ നേരിട്ടാണ് ഈ നിലയിലേക്ക് എത്തിയത്.

യഥാര്‍ത്ഥ ഇര പരസ്യമായി പുറത്ത് വന്ന് സംസാരിക്കില്ല. അതിന് മാനസികമായി കടന്നുവരേണ്ട പടികളുണ്ട്. അത് വളരെ പതുക്കെ നടക്കുന്ന പ്രോസസ് ആണ്. നേരിട്ടതെന്താണെന്ന് എടുത്തടിച്ചത് പോലെ പറയാന്‍ ഒരു യഥാര്‍ത്ഥ ഇരക്ക് സാധിക്കില്ല. അവര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് കുറച്ച് പേര്‍ എടുത്ത് ചാടിയാല്‍ അത് ആ പ്രശ്‌നത്തെ പരിഹരിക്കില്ല. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണം’, മംമ്ത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button