Latest NewsNewsIndia

ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധി കർണാടക ഹൈക്കോടതി മാർച്ച് 15 ന് ആണ് പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് നിരവധി മുസ്ലിം സംഘടനകളും ഒരുകൂട്ടം വിദ്യാർത്ഥിനികളും ഹർജി സമർപ്പിച്ചത്.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച്, വിഷയം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ സമ്മതിച്ചു. അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ വിമർശനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. മാർച്ചിൽ തന്നെ കാര്യങ്ങൾ ഫയൽ ചെയ്തെങ്കിലും ഇതുവരെ ഹർജി പട്ടികപ്പെടുത്തിയിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേസിന്റെ വിശദശാംശങ്ങൾ എന്ത്?

ഈ വർഷം ജനുവരിയിൽ ആണ് ഹിജാബ് വിവാദം ഉടലെടുത്തത്. ഉഡുപ്പിയിലെ ഒരു സ്‌കൂൾ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചതിനെ തുടർന്ന് കർണാടകയിൽ വലിയ വിവാദം ഉയരുകയായിരുന്നു. സ്‌കൂൾ അധികൃതർക്കെതിരെ വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 25-ന് കേസിൽ വിധി പറയാൻ കോടതി മാറ്റിവെച്ചിരുന്നു. തുടർന്ന് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നില്ലെന്ന് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചു. കർണാടക സ്‌കൂളുകൾക്കുള്ളിൽ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള എല്ലാ ഹർജികളും തള്ളിയ കർണാടക ഹൈക്കോടതി, യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ന്യായമാണെന്നും വിദ്യാർത്ഥികൾക്ക് ഇതിനെ എതിർക്കാൻ കഴിയില്ലെന്നും വിധിച്ചു.

പിന്നാലെ, കർണാടക ഹൈക്കോടതി വിധിക്കെതിരെ കർണാടകയിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഉഡുപ്പിയിൽ നിന്നുള്ള ആറ് മുസ്ലീം വിദ്യാർത്ഥികളാണ് ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ചില സംഘടനകളും ഹർജി നൽകി. മുസ്ലീം വിദ്യാർത്ഥിനി നിബ നാസിന് വേണ്ടി പ്രത്യേക അനുമതി ഹർജി സമർപ്പിച്ചു. വിദ്യാർത്ഥികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് കർണാടക വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നും ഹിജാബ് ധരിക്കാനുള്ള അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button