News

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവെച്ചു: പ്രഖ്യാപനം സിംഗപ്പൂരിൽ നിന്ന്

സിംഗപ്പൂർ: ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബായ രജപക്സെ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, കുടുംബത്തോടൊപ്പം രാജ്യം വിട്ട രജപക്‌സെ മാലിദ്വീപില്‍ നിന്ന് സിങ്കപ്പൂരിലെത്തിയ ശേഷമാണ് രാജിവെച്ചതായി പ്രഖ്യാപിച്ചത്. തുടർന്ന്, സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയ്ക്ക് ഗോതബായ രജപക്സെ രാജിക്കത്ത് അയച്ചു.

വാര്‍ത്ത സ്വാഗതം ചെയ്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, ശ്രീലങ്കയ്ക്ക് ഇനി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതികരിച്ചു. ‘പ്രസിഡന്റ് ജിആര്‍ രാജിവച്ചു. ശ്രീലങ്കയ്ക്ക് ഇപ്പോള്‍ മുന്നോട്ട് പോകാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം ശ്രീലങ്കയിലായിരുന്നെങ്കില്‍, ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാലിദ്വീപ് സര്‍ക്കാരിന്റെ ചിന്താപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ആശംസകള്‍’ മുഹമ്മദ് നഷീദ് വ്യക്തമാക്കി.

ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ശ്രീലങ്ക. 22 ദശലക്ഷം ജനങ്ങളുള്ള ഒരു രാജ്യം, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്നത്. വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ രാജ്യത്ത് കനത്ത അരാജകത്വം നിലനിക്കുകയാണ്.

ദേശീയ പതാകയും കയ്യിലേന്തി പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെ ജനം കയ്യടക്കിയിരുന്നു. തെരുവില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുണ്ടായി. പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ രാജി സംഭവിച്ചത്.

ബുധനാഴ്ചയാണ് ഗോതബായ രജപക്സെ മാലിദ്വീപിലേക്ക് പലായനം ചെയ്തത്. രജപക്സെ സൈനിക വിമാനത്തില്‍ മാലിദ്വീപിലേക്ക് പലായനം ചെയ്തതിന് തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന്, രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

രജപക്സെ മാലിദ്വീപിൽ എത്തിയതിനെ തുടർന്ന് ദ്വീപില്‍ താമസിക്കുന്ന ശ്രീലങ്കക്കാരും ദ്വീപ് വാസികളും പ്രതിഷേധം ആരംഭിച്ചു. മാലിദ്വീപ് ഭരണകൂടം ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും, പ്രസിഡന്റ് ഗൊതബയ രജപക്സെയെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്നാണ്, രജപക്സെ സിങ്കപ്പൂരിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button