Latest NewsIndia

ഐഐടി പ്രൊഫസറെന്ന വ്യാജേന വനിതാ ഡോക്ടറെ വിവാഹം കഴിച്ചത് ഭാര്യയും കുട്ടിയുമുള്ള തട്ടുകടക്കാരൻ!

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസറായി ചമഞ്ഞ് ഡോക്ടറെ വിവാഹംചെയ്ത തട്ടുകടയുടമയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. പിഎച്ച്.ഡി. നേടിയിട്ടുള്ള താന്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന്‍ മയൂരിയെ അറിയിച്ചത്. മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി.

110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനാണ് 2020-ല്‍ പ്രഭാകരന്‍ ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹംചെയ്തതെന്ന് പോലീസ് പറഞ്ഞു. 2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന്‍ രണ്ടാമത് വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞശേഷം പ്രഭാകരന്‍ എല്ലാദിവസവും രാവിലെ വീട്ടില്‍നിന്നിറങ്ങും. വൈകീട്ടുമാത്രമേ വീട്ടില്‍ തിരിച്ചെത്തുകയുള്ളൂ. വീട്ടില്‍ സമയം ചെലവഴിക്കാത്തതിനെ ചോദ്യംചെയ്തപ്പോള്‍ പ്രഭാകരന്‍ മയൂരിയെ ദേഹോപദ്രവം ചെയ്തു. പ്രൊഫസറായതിന്റെ തിരക്കുമൂലമാണ് മകന് വീട്ടില്‍ സമയം ചെലവിടാനാകാത്തതെന്ന് പറഞ്ഞ് ഇയാളുടെ രക്ഷിതാക്കളും മകനെ സംരക്ഷിച്ചു.

ഭർത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ മയൂരിയും സഹോദരനും മദ്രാസ് ഐഐടിയിൽ നേരിട്ട് ചെന്ന് അന്വേഷിക്കുകയും ചതി പറ്റിയത് മനസ്സിലാക്കുകയും ചെയ്തു. അതിനിടയില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണം വിറ്റ് പ്രഭാകരന്‍ കടങ്ങള്‍ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മയൂരി നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button