KeralaLatest News

വിദ്വേഷ മുദ്രാവാക്യം : പോപ്പുലർ ഫ്രണ്ടിന്റെ പോസ്റ്റ് പങ്കുവെച്ച വനിത എഎസ്ഐക്കെതിരെ നടപടിക്ക് ശുപാർശ

എട്ടാം ദിവസവും റിപ്പോർട്ട് നൽകാതിരുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇന്നലെയാണ് സംഭവത്തിൽ റിപ്പോർട്ട്‌ സമർപ്പിച്ചത്.

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസുമായി ബന്ധപ്പെട്ടുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിത എഎസ്ഐക്കെതിരെ നടപടിക്ക് ശുപാർശ. കാഞ്ഞിരപ്പള്ളി എഎസ്ഐ റംല ഇസ്മായിലിനെതിരെയാണ് നടപടി. ആലപ്പുഴയിൽ കുട്ടിയെകൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലാണ് വിവാദത്തിലായത്. അറസ്റ്റ് സംബന്ധിച്ച് പോലീസിനും കോടതി നടപടികൾക്കുമെതിരെയായിരുന്നു റൗഫിന്റെ പോസ്റ്റ്‌. ഇത് ജൂലായ്‌ അഞ്ചിനാണ് റംല ഷെയർ ചെയ്തത്. എട്ട് ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ ഒരു നടപടിയും എടുത്തിരുന്നില്ല.

എട്ടാം ദിവസവും റിപ്പോർട്ട് നൽകാതിരുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇന്നലെയാണ് സംഭവത്തിൽ റിപ്പോർട്ട്‌ സമർപ്പിച്ചത്. സംഭവം ഒതുക്കി തീർക്കാനായിരുന്നു ശ്രമമെന്നാണ് ആരോപണം. എസ്പിക്ക് മുന്നിലെത്തിയ റിപ്പോർട്ടിന്മേൽ വകുപ്പ്തല നടപടിക്ക് ഡിഐജിക്ക് ശുപാർശ നൽകി. വിവാദമായതോടെ റംല പോസ്റ്റ്‌ പിൻവലിച്ചിരുന്നു. ഭർത്താവാണ് പോസ്റ്റ്‌ ഷെയർ ചെയ്തതെന്ന വിശദീകരണം തള്ളിയാണ് ജില്ലാ പോലീസ് മേധാവി നടപടിക്ക് ശുപാർശ നൽകിയത്.

ഇന്നലെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുകുട്ടനോട് മാധ്യമങ്ങൾ വിവരം ആരാഞ്ഞെങ്കിലും മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന്, കോട്ടയം എസ്പി കെ കാർത്തിക്കിന്റെ ഇടപെടലോടെയാണ് സംഭവത്തിൽ മണിക്കൂറുകൾക്കകം റിപ്പോർട്ട്‌ സമർപ്പിച്ചത്. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തത് വാർത്തയായതോടെയാണ് ദ്രുതഗതിയിൽ പോലീസ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button