KeralaLatest NewsNews

സംരംഭകത്വ ആശയങ്ങള്‍ യാഥാർഥ്യമാക്കാനൊരുങ്ങി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്

 

 

പത്തനംതിട്ട: വിദ്യാര്‍ത്ഥി – യുവ സമൂഹത്തില്‍ സംരംഭകത്വ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. പുതിയ കണ്ടുപിടുത്തങ്ങള്‍ സാധ്യമാക്കാന്‍ വേണ്ട സഹായത്തിനായി പഞ്ചായത്തിനെ സമീപിച്ചാല്‍ ആവശ്യമായ സൗകര്യം ഒരുക്കി നല്‍കും. ഇതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

ശാസ്ത്ര സാങ്കേതികം, ഭക്ഷ്യസംസ്‌കരണം, കാര്‍ഷിക ഉത്പന്നങ്ങള്‍, മെഷിനുകള്‍ തുടങ്ങിയ ഏത് മേഖലയിലും ഉള്ള പ്രതിഭകള്‍ക്കും കഴിവ് തെളിയിക്കാനുള്ള അവസരമാണ് പഞ്ചായത്ത് ഒരുക്കുന്നത്. സാങ്കേതിക സഹായങ്ങള്‍ ആവശ്യമായവര്‍ക്ക് തുക നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും.

പൂര്‍ത്തിയായ ഉത്പ്പന്നം പഞ്ചായത്ത് ഏറ്റെടുത്ത് വിതരണം നടത്തും. വിതരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഗ്രാമപഞ്ചായത്തില്‍ നടത്തും. പ്രവര്‍ത്തനം വിജയകരമാണെങ്കില്‍ പഞ്ചായത്ത് ഡീലര്‍ഷിപ്പ് ഏറ്റെടുത്ത് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ഇത്തരമൊരു പദ്ധതിയിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമായിരിക്കുമെന്ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു പറഞ്ഞു.

shortlink

Post Your Comments


Back to top button