Latest NewsKeralaIndia

സിസിടിവി ദൃശ്യങ്ങളുമായി ഡൽഹി വരെ പോയിട്ടും ആളെ കിട്ടിയില്ല: എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: വിവാദമായ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. എന്നിട്ടും പ്രതിയെ പിടികിട്ടിയില്ല. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ പിടിച്ച് പോലീസ് ചോദ്യം ചെയ്ത് തുമ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും നടന്നില്ല.

ഇതോടെയാണ് ഇനി അന്വേഷിച്ചിട്ടും കാര്യമില്ലെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്. പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. എന്നാൽ പ്രതിയെ പിടികൂടാനായില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധർ അറിയിച്ചതോടെ ആ വഴിക്കുള്ള അന്വേഷണവും നിലച്ചു.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. മുന്‍ മന്ത്രി പി.കെ ശ്രീമതിയടക്കമുള്ളവര്‍ ഓഫീസിനകത്തുള്ളപ്പോഴായിരുന്നു പടക്കമേറ്. എന്നാൽ ബോംബാക്രമണം ആണെന്നും പിന്നിൽ കോൺഗ്രസാണെന്നുമുള്ള ഇപി ജയരാജന്റെ പ്രസ്താവനയോടെ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം ആക്രമണമുണ്ടായി.

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ സിപിഎം പ്രതിസന്ധിയിലായപ്പോഴായിരുന്നു എകെജി സെന്റർ ആക്രമണം നടന്നത്. അതേസമയം, പടക്കമെറിന് പിന്നിൽ സിപിഎം തന്നെയാണെന്ന് ചില മാധ്യമങ്ങൾ തെളിവുകൾ നിർത്തിയിരുന്നു. ഇത് സിപിഎം നിഷേധിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button