KeralaLatest News

അച്ഛന്റെ വിയോഗമറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയ്ക്ക് സാന്ത്വനമേകി അശ്വതി ഒപ്പം സഞ്ചരിച്ചത് 100 കിലോമീറ്ററിലേറെ

മലപ്പുറം: അച്ഛ​ന്റെ മരണവാർത്തയറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിക്ക് കരുതലായി നൂറിലേറെ കിലോമീറ്റർ ഒപ്പം സഞ്ചരിച്ച് അധ്യാപിക. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് കഴിഞ്ഞ ദിവസം അപരിചിതയായ യുവതിക്ക് സാന്ത്വനമായി മാറിയത്. ദുഖം താങ്ങാനാകാതെ ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ സമാധാനിപ്പിച്ച് വീടുവരെ ഒപ്പം പോയ ശേഷമാണ് അശ്വതി തിരികെയെത്തിയത്.

എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ് കരച്ചിലുയർന്നത്. ഇതോടെ ബസിലുണ്ടായിരുന്ന അധ്യാപികമാരായ അശ്വതിയും മജ്മയും യുവതിയുടെ അടുത്തെത്തി. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു.

വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു. ഒരാൾ കൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരു യാത്ര.

കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആ യുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലായിരുന്നു സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button