KeralaLatest NewsIndia

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നത് വ്യാജ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ

ഇടുക്കി: ഉടുമ്പൻചോലയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടകുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. എന്നാൽ, ഈ വാർത്തയുടെ ഉറവിടം ഇപ്പോഴും ആർക്കുമറിയില്ല. ഇന്നലെയാണ് ആദ്യം സമൂഹ മാധ്യമങ്ങളിലും പിന്നീട് ഓൺലൈൻ പത്രങ്ങളിലും ഇത്തരത്തിൽ വാർത്ത പ്രചരിച്ചത്. അവിവാഹിതയായ യുവതി എസ്റ്റേറ്റ് സൂപ്പർവൈസറുടെ സഹായത്തോടെ കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രചാരണം.

വാർത്ത പുറത്തുവന്ന ഉടൻ പൊലീസ് യുവതിയെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവം നിഷേധിച്ചതോടെ യുവതിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പൊലീസ് യുവതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയത്. യുവതി 4 മാസത്തിൽ താഴെ ഗർഭിണിയായിരുന്നെന്നും ഇത് അലസിപ്പോയതായിട്ടുമാണ് ഇവിടുത്തെ ഗൈനക്കോളജി വിഭാഗം ഡോക്ടറുടെ റിപ്പോർട്ട്. ഗർഭം അലസിയതിന്റെ അവശിഷ്ടങ്ങൾ ഡോക്ടറുടെ പരിശോധനയിൽ കണ്ടെടുത്തതായിട്ടാണ് സൂചന.

18-നാണ് യുവതി നാട്ടിൽ നിന്നും ഏലത്തോട്ടത്തിലെ പണിക്കായി ഉടുമ്പൻചോലയിലേക്ക് എത്തുന്നത്. ഭർത്താവ് നാട്ടിലുണ്ടെന്നും താൻ ഗർഭിണിയായിരുന്നെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് വയറു വേദനയുണ്ടായെന്നും രാജക്കാട് പ്രവർത്തിച്ചുവരുന്ന ആശുപത്രിയിൽ എത്തി യുവതി മരുന്നു വാങ്ങിയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിനായിട്ടാണ് യുവതിയെ മെഡിക്കൽ പരിശോധനയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സംഭവം ചർച്ചയായതോടെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് നീക്കം. ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നതിന് കാരണമായ സാഹചര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button