Independence DayPost Independence Development

ആസൂത്രണ കമ്മീഷൻ: ഇന്ത്യയുടെ വികസനത്തിന്റെ നട്ടെല്ല്

സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരികൾ നേരിട്ട പ്രധാന ഉത്തരവാദിത്വമായിരുന്നു വികസനം നടപ്പിലാക്കുക എന്നത്. സാങ്കേതിക വ്യവസായിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാനലക്ഷ്യം. പല വിദഗ്ദ്ധരുടെയും കൂടിയാലോചനയുടെ ഫലമായി 1950 മാർച്ച് 15ന് പ്ലാനിങ് കമ്മീഷൻ അഥവാ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു.

കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു തന്നെ ആയിരുന്നു. സാമ്പത്തിക വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾ തകൃതിയായി രൂപംകൊണ്ടു. പ്രധാനമായും മിശ്രിത സമ്പദ് വ്യവസ്ഥയായിരുന്നു സർക്കാർ രൂപീകരിക്കാൻ ആലോചിച്ചിരുന്നത്. അതായത്, ഭരണകൂടവും സ്വകാര്യമേഖലയും ഒരുമിച്ചു ചേർന്ന് പ്രവർത്തിച്ച് ഉൽപ്പാദനവും അതു വഴി തൊഴിൽ സാധ്യതയും വർദ്ധിപ്പിക്കുക. സംസ്ഥാനങ്ങൾ മുൻകൈയെടുത്ത് വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും തൊഴിൽശാലകളും ആരംഭിക്കുക, ഇവയെല്ലാം ക്രോഡീകരിക്കാൻ ആസൂത്രണ കമ്മീഷൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

1956ൽ, രണ്ടാം പഞ്ചവത്സര പദ്ധതി അവതരിപ്പിക്കപ്പെട്ടു. ഉരുക്ക് വ്യവസായങ്ങൾ, അണക്കെട്ട് നിർമ്മാണങ്ങൾ എന്നിവയ്ക്കായിരുന്നു ഈ പദ്ധതിയിൽ പ്രാധാന്യം നൽകിയിരുന്നത്. കേന്ദ്രസർക്കാർ ആയിരുന്നു ഈ മേഖലകൾ നിയന്ത്രിച്ചിരുന്നത്. അടുത്ത ഒന്നു രണ്ട് ദശാബ്ദങ്ങളുടെ സാമ്പത്തിക നടത്തിപ്പ് നയം ഇതിനെ ആശ്രയിച്ചായിരുന്നു സർക്കാർ രൂപീകരിച്ചത്. 1959-ൽ, സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഭിലായ് സ്റ്റീൽ പ്ലാന്റ് രൂപീകൃതമായി. ഉൾനാടൻ മേഖലയിൽ രൂപീകരിക്കപ്പെട്ട ഈ പ്ലാന്റ്, ഛത്തീസ്ഗഡിന്റെ മുഖച്ഛായ തന്നെ മാറ്റി. എന്നാൽ, അപ്പോഴും കൃഷിക്ക് വേണ്ട പ്രാധാന്യം കൊടുത്തില്ലെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ട പ്രാധാന്യം കൊടുത്തില്ലെന്നും ആക്ഷേപിക്കാനും ചില ആൾക്കാർ ഉണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ അനുയായി മീരാബെൻ ആയിരുന്നു ഇവരിൽ പ്രശസ്ത. ‘ശാസ്ത്രവും യന്ത്രങ്ങളും മനുഷ്യനു മികച്ച വ രുമാനം നേടിത്തരും, എന്നാൽ പ്രകൃതി നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ പഠിച്ചില്ലെങ്കിൽ അവസാനം നാശമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്’ എന്നതായിരുന്നു വ്യവസായവൽക്കരണത്തോടുള്ള അവരുടെ മനോഭാവം.

പിന്നീടങ്ങോട്ട് ആസൂത്രണ കമ്മീഷൻ ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു. ഒരു കാർഷിക രാജ്യമായ ഇന്ത്യയെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവന്നത് ആസൂത്രണ കമ്മീഷന്റെ വ്യക്തമായ പദ്ധതികളാണ്. 2014 മുതൽ ആസൂത്രണ കമ്മീഷൻ നിറുത്തുകയും പകരം നീതി ആയോഗ് എന്ന പേരിൽ പുതിയ സ്ഥാപനം നിലവിൽ വരികയും ചെയ്തു. ആസൂത്രണ കമ്മീഷനെ അപേക്ഷിച്ച് കുറച്ചുകൂടി വിശാലമായ ഘടനയാണ് നീതി ആയോഗിനുള്ളത്. പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെയും അദ്ധ്യക്ഷൻ. എന്നാൽ, പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button