KeralaLatest NewsNews

‘ചിരി’ ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു: ഇതുവരെയെത്തിയത് 31,084 കോളുകൾ

 

തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പോലീസ് ആരംഭിച്ച ‘ചിരി’ ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്.

 

2021-ല്‍ ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദ്ദം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക? നമ്മുടെ കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ? ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ‘ചിരി’ ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരിൽ 20081 പേർ വിവരാന്വേഷണത്തിനും 11003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ‘ചിരി’യുടെ ഹെൽപ്ലൈനിൽ വിളിച്ചത്. ഇതിൽ 1815 എണ്ണം ഇൻക്വയറി കോളുകളും 1005 എണ്ണം ഡിസ്ട്രെസ്സ്ഡ് കോളുകളുമാണ്. കേരളത്തിനു പുറത്തു നിന്ന് 294 പേരും ‘ചിരി’ ഹെൽപ്ലൈനിനെ ഈ കാലയളവിൽ സമീപിച്ചു.

 

കോവിഡ് സമയത്തെ ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ‘ചിരി’യുടെ കോൾ സെൻററുമായി പങ്ക് വെച്ചത്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതരമായ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ‘ചിരി’ കോൾ സെൻററിൽ നിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.

 

‘ചിരി’യുടെ 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേക്ക് കുട്ടികൾ മാത്രമല്ല അദ്ധ്യാപകര്‍ക്കും മാതാപിതാള്‍ക്കും ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button