KeralaLatest NewsNews

അതിതീവ്ര മഴ, ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ ക്യാംപുകളിലേക്ക് മാറ്റേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പിന്റെ വിശദാംശങ്ങള്‍

‘ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കി വയ്ക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാംപുകളിലേക്കു മാറ്റി താമസിപ്പിക്കുകയും ചെയ്യണം. ക്യാംപുകള്‍ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്’.

‘ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും ജാഗരൂകരായി പ്രവര്‍ത്തിക്കണം. പൊലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റ് വീശുന്നതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാംപുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റണം. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് വിളിച്ചു പറയണം’.

‘ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം. ലൈനുകളുടേയും ട്രാന്‍സ്ഫോമറുകളുടേയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളിടത്ത് പൂര്‍ത്തീകരിക്കണം’.

‘താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത പവര്‍ ഹൗസുകളിലും മറ്റു പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും വേണം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button