KeralaLatest News

കുവൈറ്റിലെ മനുഷ്യക്കടത്തിൽ കുടുങ്ങിയ വിനീത ഒടുവിൽ നാട്ടിലെത്തി: അനുഭവിച്ചത് കൊടുംക്രൂരത, ഇരകളായവർ ഇനിയും നിരവധി

തൃശ്ശൂർ: കുവൈറ്റിലെ മനുഷ്യക്കടത്തിന് ഇരയായ യുവതി നാട്ടിലെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുവൈറ്റിൽ വെച്ച് അനുഭവിച്ച നരക ജീവിതം തുറന്നു പറയുകയാണ് തൃശ്ശൂർ കരുവന്നൂരിലെ കെ.കെ. വിനീത. നിരവധി സ്ത്രീകളാണ് കുവൈറ്റിൽ പെട്ടുപോയതെന്ന് വിനീത പറയുന്നു. അഞ്ചുമാസം കുവൈറ്റിലെ ക്രൂരപീഡനങ്ങൾ‌ ഏറ്റുവാങ്ങിയ വിനീത മൂന്നു ദിവസം ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ കഴിഞ്ഞശേഷം ജൂലായ് 30-ന് രാത്രിയിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്.

കുടുംബം മുഴുപ്പട്ടിണിയിലേക്ക് നീങ്ങിയപ്പോഴാണ് വിനീത വിദേശജോലിക്ക് ശ്രമിച്ചത്. അഞ്ച് സെന്റിലെ പണി തീരാത്ത വീട്ടിൽ ശ്വാസകോശരോഗം ബാധിച്ച് ജോലിക്ക് പോകാൻ സാധിക്കാത്ത ഭർത്താവ് അയ്യപ്പനുണ്ട്. വിനീതയുെട അമ്മ തങ്കമണിയുണ്ട്. ഏക മകൻ അർജുൻ എൻജിനീയറിങ് വിദ്യാർഥിയാണ്. കുവൈറ്റിലെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയുണ്ടെന്ന് സ്വകാര്യ ഏജൻസി അറിയിച്ചതോടെ കടം വാങ്ങിയ പണം ഉപയോഗിച്ച് വിദേശത്തെത്തി. ഫെബ്രുവരി 21-നാണ് നാട്ടിൽനിന്ന് വിമാനം കയറിയത്.

ഏജൻസിക്കാർ കൊണ്ടെത്തിച്ചത് ഷാമിയയിലെ ഒരു വീട്ടിൽ വേലക്കാരിയായി. വിവാഹമോചനം നേടിയ യുവതിയും നാലുവയസ്സുള്ള മകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സകല പണികളുമെടുപ്പിച്ചു. എന്നാൽ നാട്ടിലെ അവസ്ഥയോർത്ത് അതെല്ലാം സഹിച്ചു. ഏറെ വൈകാതെ ശാരീരിക ഉപദ്രവം തുടങ്ങി. അത് കടുത്തപ്പോൾ ഏജന്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഒരിക്കൽ മുഖത്തിടിച്ച് മൂക്കിൽക്കൂടി രക്തം വരുത്തുകയും കമ്പി കൊണ്ട് തലയ്ക്കടിച്ച് നിലത്ത് വീഴ്ത്തുകയും ചെയ്തു.

അത് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോൾ. അതറിഞ്ഞ തൊഴിലുടമ വീണ്ടും മർദ്ദിച്ചു. ജോലിക്കാരിയായല്ല, പണം കൊടുത്ത് അടിമയെപ്പോലെ വാങ്ങിയതാണെന്ന് തൊഴിലുടമ പറഞ്ഞപ്പോഴാണ് വിനീത അറിഞ്ഞത്. രക്ഷപ്പെടാമെന്നുള്ള എല്ലാ പ്രതീക്ഷകളും അതോടെ നഷ്ടപ്പെട്ടു. ഇന്ത്യൻ എംബസിയുടെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് പരാതിപ്പെട്ടു. നാട്ടിലും അറിയിച്ചു.

ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് ബി.ജെ.പി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ടു. ഇന്ത്യൻ എംബസി ഇടപെട്ട് വിനീതയുടെ മോചനത്തിന് വഴിയൊരുക്കി. നാട്ടിലേക്ക് മടങ്ങാനായി ഷെൽട്ടറിൽനിന്ന് പുറപ്പെടുമ്പോൾ അവിടെ അവശേഷിച്ചവർ വിനീതയുടെ കൈപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞത് ഞങ്ങളുടെ ദുരിതകഥകളും നിങ്ങളിലൂടെ നാടറിയണം. അതിലൂടെ ഞങ്ങൾക്കും രക്ഷപ്പെടണം എന്നായിരുന്നു. ജൂലായ് 27-ന് എംബസിയുടെ ഷെൽട്ടറിലെത്തി. 30-ന് രാത്രി 10.30-ന് നാട്ടിലേക്ക് പുറപ്പെട്ടു. 31-ന് പുലർച്ചെ വീട്ടിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button