Latest NewsNewsIndia

ഏഴാം വയസില്‍ സ്‌കൂളിലേക്ക് പോയ മകളെ പിന്നീട് അമ്മ കാണുന്നത് 9 വർഷങ്ങൾക്ക് ശേഷം

മുംബൈ: 9 വർഷം മുൻപ് കാണാതായ മകളെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് പൂനം എന്ന അമ്മ. ഏഴാം വയസിൽ സ്‌കൂൾ യൂണിഫോം അണിയിച്ച് മകളെ സ്‌കൂളിലേക്ക് പറഞ്ഞ് വിട്ടതായിരുന്നു ഈ അമ്മ. എന്നാൽ, ചേട്ടനോടൊപ്പം സ്‌കൂളിലേക്ക് പോയ രണ്ടാം ക്ലാസുകാരി പൂജയെ വഴിയില്‍വെച്ച് കാണാതാവുകയായിരുന്നു. പൂജയുടെ തിരോധാനം അന്വേഷിച്ച പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. സിനിമയെ വെല്ലുന്ന കഥയാണ് ഈ കേസിനെ കുറിച്ച് പോലീസിനും പറയാനുള്ളത്.

ചേട്ടനോടൊപ്പം സ്‌കൂളിലേക്ക് പോയ പൂജയെ മക്കളില്ലാത്ത ദമ്പതികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ജുഹു ഗല്ലി സ്വദേശികളായ ഹാരി ഡിസൂസ-സോണിയ ദമ്പതികളാണ് കഥയിലെ വില്ലനും വില്ലത്തിയും. ഐസ്‌ക്രീമും ചോക്ലേറ്റും കാട്ടി ഇവർ പൂജയെ പ്രലോഭിപ്പിച്ച് കാറിലെത്തിക്കുകയായിരുന്നു. സ്വന്തമായി മക്കളില്ലാതിരുന്ന ഇവർ പൂജയെ മകളായി ഏറ്റെടുത്തു. ആദ്യമൊക്കെ നല്ല സ്നേഹത്തോടെയായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാൽ, കുറച്ച് കഴിഞ്ഞ് ഇവർക്ക് ഒരു കുട്ടി ഉണ്ടായതോടെ കാര്യങ്ങൾ മാറി. ഇവർ പൂജയെ കൊണ്ട് ബാലവേല ചെയ്യിച്ചു. ഇതിനിടയിൽ ഒരിക്കൽ പൂജയെ ഹോസ്റ്റലിൽ ചേർത്തു. ഡിസൂസയും ഭാര്യയും ഗോവയിലും മുംബൈയിലും കൊണ്ടുപോവുകയും മാതാപിതാക്കളെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Also Read:തകർച്ചയിൽ തുണച്ചത് ഇന്ത്യ മാത്രം: പ്രധാനമന്ത്രി മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി

ഒമ്പത് വർഷങ്ങൾക്ക് ശേഷം, അടുത്തിടെ ഹാരി ഡിസൂസ-സോണിയ ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയാണ് പൂജയുടെ ജീവിതത്തിലെ ‘മാലാഖ’ ആയത്. ഡിസൂസയും ഭാര്യയും തന്റെ യഥാർത്ഥ മാതാപിതാക്കൾ അല്ലെന്നും അവർ തന്നെ ഉപദ്രവിക്കാറുണ്ടെന്നും പൂജ പ്രമീളയോട് പറഞ്ഞു. വിവരമറിഞ്ഞ പ്രമീള ഗൂഗിളില്‍ തിരഞ്ഞതോടെ പൂജയെ കാണാതായതിന്റെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്തകള്‍ക്കൊപ്പം പൂജയുടെ ചിത്രങ്ങള്‍ കൂടി കണ്ടു. പൂജയുമായി വാർത്തയിലെ ചെറിയ കുട്ടിക്ക് നല്ല മുഖസാദൃശ്യം തോന്നിയ പ്രമീള അന്ന് കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര ബൊസാലേയുമായി ബന്ധപ്പെട്ടു.

തന്റെ വിരമിക്കലിന് ശേഷവും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ ‘പെൺകുട്ടിയെ കാണാനില്ല, കണ്ടുകിട്ടുന്നവർ അറിയിക്കുക’ എന്ന് വ്യക്തമാക്കി പൂജയുടെ പോസ്റ്ററും ഷെയർ ചെയ്തിരുന്നു. പോസ്റ്ററിലെ നമ്പറിൽ പ്രമീള ബന്ധപ്പെട്ടു. പൂജയുടെ അയല്‍വാസിയായ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെയായിരുന്നു പോസ്റ്ററിലെ നമ്പര്‍. പ്രമീള കാര്യം പറഞ്ഞെങ്കിലും, റഫീഖ് ആദ്യം ഇത് വിശ്വസിച്ചില്ല. പറ്റിക്കാൻ വിളിച്ചതാണെന്നാണ് ഇദ്ദേഹം കരുതിയത്. വിശ്വസിപ്പിക്കാനായി പ്രമീള പൂജയുമായി അദ്ദേഹത്തെ വീഡിയോ കോൾ ചെയ്‌തു. ഇതോടെയാണ് അദ്ദേഹത്തിന് വിശ്വാസം വന്നത്. തുടര്‍ന്ന് മുഹമ്മദ് പൂജയുടെ അമ്മയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

പൊലീസ് ഇടപെട്ട് പൂജയെ തിരികെ അമ്മയുടെ അരികിലെത്തിച്ചു. ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഈ അമ്മ. പൂജയുടെ തിരിച്ചുവരവ് അത്ഭുതമായി തോന്നുന്നുവെന്ന് അമ്മ പൂനം പറഞ്ഞു. പൂജ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തട്ടികൊണ്ടുപോകല്‍, ബാലവേലക്ക് നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button