Independence DayFreedom StruggleLatest NewsIndiaNews

ശിവജിക്കെതിരെ പോരാടിയ പെൺപുലി, ബെലവാഡിയിലെ മല്ലമ്മ രാജ്ഞിയെ കുറിച്ച്

പുരാതന ശിൽപങ്ങൾ കേവലം പഴയ വസ്തുക്കളല്ല. നമ്മൾ കാതോർത്താൽ അവയ്ക്ക് പറയാനുള്ളത് അതിശയകരമായ കഥയായിരിക്കും. അത്തരമൊരു കഥയാണ് കർണാടകയില ധാർവാഡിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള യാദ്‌വാദ് എന്ന ഗ്രാമത്തിലെ മല്ലമ്മ രാജ്ഞിയുടെ ശിൽപത്തിന് പറയാനുള്ളത്. 17-ാം നൂറ്റാണ്ടിൽ നടന്ന ഒരു യുദ്ധത്തെ സംബന്ധിച്ച അത്ഭുതകരമായ ആ സംഭവമിങ്ങനെ.

ബെലവാഡി ഒരു ചെറിയ രാജ്യമായിരുന്നു. ഇന്നത്തെ ബെലഗാവി, ധാർവാഡ് ജില്ലകളുടെ ചില ഭാഗങ്ങളിൽ അതിന്റെ പ്രദേശം വ്യാപിച്ചുകിടന്നു. പതിനേഴാം നൂറ്റാണ്ടോടെ, ഈശപ്രഭു ദേശായിയുടെയും അദ്ദേഹത്തെ സമർത്ഥമായി സഹായിച്ച ഭാര്യ മല്ലമ്മയുടെയും ഭരണത്തിൻ കീഴിൽ അത് അഭിവൃദ്ധിപ്പെട്ടു. ഇന്നത്തെ ഉത്തര കന്നഡ ജില്ലയിലും തെക്കൻ ഗോവയിലും ആധിപത്യം പുലർത്തിയിരുന്ന സോണ്ടേ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മധുലിംഗ നായകയുടെ മകളായിരുന്നു മല്ലമ്മ രാജ്ഞി. ധീരതയ്ക്ക് പേരുകേട്ടവൾ.

അക്കാലത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, മറ്റെല്ലാ രാജ്യങ്ങളും വെടിമരുന്ന് ഉണക്കി സൂക്ഷിക്കുമായിരുന്നു. പുരുഷന്മാർ യുദ്ധത്തിന് പോകുമ്പോൾ, പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ സ്ത്രീകൾ സജ്ജരായി ഇരിക്കും. ആ കാലഘട്ടത്തിന്റെ സാഹചര്യം അതിനായിരുന്നു. അതിനാൽ, ആൺ-പെൺ വ്യത്യാസമില്ലാതെ രാജകുടുംബത്തിലെ എല്ലാവരും അയോദ്ധന കലകളിൽ പ്രാവിണ്യം നേടി. യുദ്ധത്തിലും പരിശീലനം നേടിയിരുന്നു. ഈ കാലയളവിൽ ആണ് മിക്ക ഇതിഹാസ വനിതാ പോരാളികളും ഉയർന്നുവന്നത്. സോണ്ടെ രാജാവ് മല്ലമ്മയെ അവളുടെ സഹോദരങ്ങളോടൊപ്പം ശങ്കർ ഭട്ടിന്റെ കീഴിൽ യുദ്ധമുറകൾ പരിശീലിപ്പിക്കാൻ അയച്ചു. യുവതിയായ മല്ലമ്മ തന്റെ കഴിവ് തെളിയിച്ചു. കുതിര സവാരി, ഫെൻസിങ്, അമ്പെയ്ത്ത് എന്നിവയിൽ അവൾ മിടുക്കിയായിരുന്നു.

ബെലവാഡി രാജകുടുംബത്തിലെ പ്രധാനി ആയി മാറിയപ്പോഴേക്കും അവൾ ഭരണകാര്യങ്ങളിലും സൈനിക വൈദഗ്ധ്യത്തിലും നന്നായി പഠിച്ചിരുന്നു. മല്ലമ്മയ്ക്ക് വിവാഹപ്രായമായപ്പോൾ, അവളുടെ അച്ഛൻ സ്വയംവരം സംഘടിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ തന്റെ പ്രായത്തിന് തുല്യമായ കടുവകളെ വേട്ടയാടി പുരുഷത്വം തെളിയിക്കുന്നയാളെ വരണമാല്യം ചാർത്തുമെന്ന് മല്ലമ്മ പറഞ്ഞു. മല്ലമ്മയെ വധുവായി സ്വീകരിക്കാൻ നിശ്ചിത സമയത്തിനുള്ളിൽ 21 കടുവകളെ വേട്ടയാടിക്കൊണ്ട് 20 കാരനായ ഈശപ്രഭു തന്റെ കഴിവ് തെളിയിച്ചു. ബെലവാഡിയിലെ രാജകുമാരൻ ആയി ഈശപ്രഭു മാറി. അദ്ദേഹം സമർത്ഥനും ദയ ഉള്ളവനുമായ ഭരണാധികാരിയായിരുന്നു.

ഭരണത്തിൽ ഭർത്താവിനൊപ്പം പങ്കുചേരുന്നതിനൊപ്പം, സ്ത്രീകളെ ആയോധനകലകളിൽ പരിശീലിപ്പിക്കാനും മല്ലമ്മ മറന്നില്ല. 5,000 പേരടങ്ങുന്ന ശക്തമായ സ്ത്രീ സൈന്യത്തെ മല്ലമ്മ ഉയർത്തിക്കൊണ്ടുവന്നു. അക്കാലത്തെ അപൂർവ നേട്ടങ്ങളിൽ ഒന്നാണിത്. അവരുടെ ഭരണത്തിൻ കീഴിൽ രാജ്യം സമൃദ്ധമായിരുന്നു.

ശക്തരായ മുഗളന്മാരെ ധീരമായി നേരിട്ട ഒരു രാഷ്ട്രീയ പരമാധികാരിയായി സ്വയം കിരീടമണിഞ്ഞ ശിവജി ഹിന്ദു നവോത്ഥാനത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന സമയമായിരുന്നു ഇത്. ഡെക്കാനിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, 1676-ൽ ഖണ്ഡേഷ്, പോണ്ട, കാർവാർ, കോലാപ്പൂർ, അത്താണി എന്നീ ശത്രു പ്രദേശങ്ങൾ ആക്രമിച്ചുകൊണ്ട് ശിവജി തെക്കൻ അനാബാസിസിലേക്ക് പുറപ്പെട്ടു. ഹൈദരാബാദിൽ, അദ്ദേഹം ഗോൽകൊണ്ട സുൽത്താനേറ്റിലെ ഖുതുബ്ഷായുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിൽ ബിജാപൂരുമായുള്ള സഖ്യം പിൻവലിക്കാനും മുഗളന്മാരെ സംയുക്തമായി എതിർക്കാനും അദ്ദേഹം സമ്മതിച്ചു. തുടർന്ന് തമിഴ്‌നാട്ടിലേക്ക് നീങ്ങി വെല്ലൂർ, ജിങ്കി കോട്ടകൾ പിടിച്ചെടുത്തു. 1677 നവംബറിൽ തന്റെ അർദ്ധസഹോദരൻ വെങ്കോജി ഭരിച്ചിരുന്ന തഞ്ചാവൂർ ജാഗീറിന്റെ കാര്യത്തിലും തീർപ്പ് വരുത്തിയ ശേഷം, ശിവജി മടക്കയാത്ര ആരംഭിച്ചു.

1678 ജനുവരിയിൽ തുംഗഭദ്ര നദി കടന്ന് കോപ്പൽ, ഗദഗ് എന്നിവിടങ്ങളിലൂടെ അദ്ദേഹം ലക്ഷ്മേശ്വറിലെത്തി. പ്രാദേശിക ഇടങ്ങൾ യാതൊരു പ്രതിരോധവുമില്ലാതെ ശിവജിക്ക് കീഴടങ്ങി. 1678 ജനുവരി പകുതിയോടെ, ശിവജിയുടെ സൈന്യം വിശ്രമിക്കാൻ തീരുമാനിക്കുകയും യാദ്‌വാദ് ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുകയും അതുവഴി ഭാവി പരിപാടികൾക്ക് വേദിയൊരുക്കുകയും ചെയ്തു.

ഈ സമയമായപ്പോഴേക്കും, വിജയനഗര സാമ്രാജ്യത്തിന്റെ മഹത്തായ ആദർശങ്ങളുടെ അവകാശിയായി ആളുകൾ അദ്ദേഹത്തെ കണ്ടുതുടങ്ങി. ഇതിനോടകം, കർണാടകയിൽ ശിവജിയുടെ ജനപ്രീതി ക്രമാതീതമായി ഉയർന്നു. മല്ലമ്മയുടെ ഭർത്താവും അദ്ദേഹത്തിന്റെ ആരാധകനായിരുന്നു, ശിവജിക്ക് ഗംഭീരമായ സ്വീകരണം ഒരുക്കാൻ അവർ പദ്ധതിയിട്ടു. ഏതാനും മറാഠാ പട്ടാളക്കാർ നടത്തിയ കുസൃതി ശിവജിയും അദ്ദേഹത്തിന്റെ ആരാധകനായ ഈശപ്രഭുവും തമ്മിലുള്ള സൗഹൃദം ശത്രുതയിലേക്ക് നീങ്ങാൻ കാരണമായി.

ക്യാമ്പിനിടെ മറാഠാ പട്ടാളക്കാർ പാൽ ക്ഷാമം നേരിടുകയും പ്രാദേശിക കർഷകരോട് പാലിന്റെയും പാൽ ഉൽപന്നങ്ങളുടെയും വിതരണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സ്ഥിരം ഉപഭോക്താക്കൾക്ക് വിതരണം ഉറപ്പാക്കേണ്ടതിനാൽ ഗ്രാമവാസികൾ തങ്ങളുടെ നിസ്സഹായത പ്രകടിപ്പിച്ചു. ഇതോടെ, മറാഠാ പട്ടാളക്കാർ രാത്രിയിൽ അവരുടെ കന്നുകാലികളെ മോഷ്ടിച്ചു. ഇത് കർഷകർക്ക് തിരിച്ചടിയായി. പിറ്റേന്ന് രാവിലെ ഗ്രാമവാസികൾ ഈശപ്രഭുവിനോട് പരാതി പറഞ്ഞു. മറാഠാ പട്ടാളക്കാരുമായി ചർച്ച നടത്താനും കന്നുകാലികളെ തിരികെ കൊണ്ടുവരാനും അദ്ദേഹം തന്റെ കമാൻഡർ സിദ്ധനഗൗഡ പാട്ടീലിനെ അയച്ചു. പക്ഷെ, അഹങ്കാരികളായ മറാഠാ പട്ടാളക്കാർ പാട്ടീലിനെ അപമാനിച്ചു. അങ്ങനെ, മറാഠകളും ബെലവാഡികളും തമ്മിൽ സംഘർഷം ഉടലെടുത്തു.

മല്ലമ്മ രാജ്ഞി തന്റെ വനിതാ പോരാളികളോടൊപ്പം സർജിക്കൽ സ്ട്രൈക്ക് നടത്തി. 200 ലധികം മറാഠാ സൈനികർക്ക് പരിക്കേൽക്കുകയും ഒരു മണിക്കൂറിനുള്ളിൽ 12 പേർ കൊല്ലപ്പെടുകയും ചെയ്തു. കന്നുകാലികളെ മോചിപ്പിച്ച മല്ലമ്മയുടെ ധീരത നാടെങ്ങും പാട്ടായി. വാർത്ത ശിവജി അറിഞ്ഞു. തന്റെ സൈനികരുടെ അനുചിതമായ പെരുമാറ്റത്തിൽ അദ്ദേഹം രോഷാകുലനാകുകയും അവരെ ശാസിക്കുകയും ചെയ്തു. എന്നാൽ, ശിവജിയെ തളർത്തിയത് വനിതാ സൈനികർ തന്റെ പുരുഷ സൈനികരെ മലർത്തിയടിച്ചതായിരുന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ, ബെലവാഡിക്കെതിരെ യുദ്ധത്തിന് തയ്യാറാകാൻ അദ്ദേഹം തന്റെ ജനറൽ ദാദാജിയോട് ആവശ്യപ്പെട്ടു.

ഈശപ്രഭുവിന്റെ കീഴിലുള്ള ബെലവാഡി സൈന്യം മറാഠാ സൈന്യത്തെ അതിരൂക്ഷമായി ചെറുത്തു. യുദ്ധം 15 ദിവസം നീണ്ടുനിന്നു. ഇതിനിടയിൽ, ബെലവാഡി കോട്ടയുടെ കരുതൽ ശക്തി തീർന്നതിനാൽ നേരിട്ടുള്ള ആക്രമണത്തിന് ഈശപ്രഭു നിർബന്ധിതനായി. തുടർന്നുണ്ടായ യുദ്ധത്തിൽ ഒരു മറാഠാ സൈനികൻ ഈശപ്രഭുവിനെ പിന്നിൽ നിന്ന് കുത്തി, യുദ്ധക്കളത്തിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.

ഞെട്ടിപ്പിക്കുന്ന ഈ വാർത്ത മല്ലമ്മ അറിഞ്ഞപ്പോൾ, നാല് മാസം മാത്രം പ്രായമുള്ള മകനൊപ്പമായിരുന്നു അവർ. എന്നിട്ടും അവൾ പിന്മാറിയില്ല, പോരാട്ടത്തിനിറങ്ങി. അവളുടെ ശക്തമായ നേതൃത്വത്തിൽ ബെലവാഡി സൈന്യം 27 ദിവസം കൂടി കോട്ടയെ സംരക്ഷിച്ചു. യുദ്ധക്കളത്തിലെ അവളുടെ വീരഗാഥകൾ കാലങ്ങൾക്കിപ്പുറവും വാഴ്ത്തപ്പെടുന്നു.

പ്രശസ്ത ചരിത്രകാരനായ ജാദുനാഥ് സർക്കാർ തന്റെ ‘ശിവാജി ആൻഡ് ഹിസ് ടൈംസ്’ എന്ന കൃതിയിൽ രാജ്ഞിയെ ബെലവാഡിയിലെ സാവിത്രി ബായി എന്ന് പരാമർശിക്കുകയുണ്ടായി. അവളുടെ കോട്ട ഒറ്റയടിക്ക് ഉപരോധിക്കപ്പെട്ടു, പക്ഷേ അവൾ 27 ദിവസം അതിനെ പ്രതിരോധിച്ചു. ഒരു ചെറിയ മൺ കോട്ടയ്ക്ക് മുമ്പായി ഒരു സ്ത്രീ നടത്തിയ ഈ നീണ്ട പ്രതിരോധം ശിവജിയുടെ അന്തസ്സ് വളരെയധികം താഴ്ത്തി. ഡെക്കാണും (ബിജാപുരികളും) ഇത്രയധികം രാജ്യങ്ങൾ കീഴടക്കിയവനും ആയ ശിവജിക്ക് ഒരു സ്ത്രീയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പാണർ പാടി നടന്നു.

മല്ലമ്മയെ പിടിക്കുക എന്നത് മറാഠാക്കാരുടെ ശ്രമകരമായ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവർ വഞ്ചനയിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ഗൂഢാലോചന നടത്തി. പട്ടാളക്കാർ അവളുടെ കുതിരയുടെ കാലുകൾ മുറിച്ചുമാറ്റി, അവളെ വീഴ്ത്തി, ഗുരുതരമായി പരിക്കേറ്റ രാജ്ഞിയെ പിടികൂടി. തടവിലാക്കപ്പെട്ട രാജ്ഞിയെ ശിവാജിയുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സൈനികർ കൂടുതൽ അപമാനിച്ചു. എന്നാൽ, ശിവാജിക്കടുത്ത് എത്തിയപ്പോൾ കാര്യങ്ങൾ മറിച്ചായിരുന്നു. സ്ത്രീകളുടെ ബഹുമാനത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന മല്ലമ്മയെ ശിവാജി അർഹമായ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. മല്ലമ്മയുടെ ധൈര്യത്തിൽ ശിവാജി ആകൃഷ്ടയായിരുന്നു. തുടർന്നുള്ള സംഭാഷണത്തിൽ, മല്ലമ്മ ശിവാജിയുടെ സൈനികരുടെ പ്രവൃത്തിയെ ധീരമായി അപലപിച്ചപ്പോൾ അയാൾ നിശബ്ദനായി.

പ്രചാരത്തിലുള്ള ഐതിഹ്യമനുസരിച്ച്, ശിവജി അവളിൽ ജഗദംബയുടെ ദർശനം കണ്ടുവത്രെ. ‘സാർവത്രിക മാതാവിന്റെ’ രൂപത്തിലുള്ള ദേവിയെ അദ്ദേഹം വന്ദിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അസുഖകരമായ സംഭവങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും അവളുടെ രാജ്യം യഥാവിധി തിരികെ നൽകുകയും ചെയ്തു. അവളെ അപമാനിച്ചവരെ ശിക്ഷിക്കുകയും ചെയ്തു. ശിവജിയുടെ ദയയും സ്ത്രീകളോടുള്ള ഉന്നതമായ ആദരവും കണ്ട് മല്ലമ്മയുടെ മനസ്സലിഞ്ഞു. ഈ ചരിത്ര സംഭവത്തിന്റെ സ്മരണയ്ക്കായി, തന്റെ രാജ്യത്തിന്റെ നാല് കോണുകളിൽ ശിവജി മഹാരാജിന്റെ ശിൽപം കൊത്തിവയ്ക്കാൻ രാജ്ഞി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button