Latest NewsInternational

കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘം മുങ്ങി:  പോയത് ജോലി തരപ്പെടുത്തി ബ്രിട്ടനിൽ കഴിയാനെന്ന് സൂചന

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘത്തെ കാണാതായതായി റിപ്പോർട്ട്. ഒൻപത് അത്‌ലറ്റുകളും ഒരു മാനേജറും അടങ്ങുന്ന ശ്രീലങ്കൻ കായിക സംഘമാണ് മത്സരങ്ങൾക്കു പിന്നാലെ മുങ്ങിയത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നത്തിനിടെ ബ്രിട്ടനിൽ തന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യം നോക്കി എവിടെയെങ്കിലും ജോലി തരപ്പെടുത്തി ബ്രിട്ടനിൽ തന്നെ കഴിയാനാണ് താരങ്ങളുടെ ശ്രമമെന്നാണ് സംശയം.

ജുഡോ താരം ചാമില ദിലാനി, മാനേജർ അസേല ഡി സിൽവ, റെസ്‌ലിങ് താരം ഷാനിത് ചതുരങ്ക എന്നിവരെയാണ് കാണാതായത്. എന്നാൽ പിന്നാലെ മറ്റ് ഏഴുപേർ കൂടി മുങ്ങിയതായി ശ്രീലങ്കൻ വൃത്തങ്ങൾ പൊലീസിന് പരാതി നൽകി. ആകെ 160 പേരാണ് കോമൺവെൽത്ത് ഗെയിംസിനായെത്തിയ ശ്രീലങ്കൻ സംഘത്തിലുള്ളത്. താരങ്ങൾ മുങ്ങാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് എല്ലാവരുടെയും പാസ്‌പോർട്ടുകൾ കായികവൃത്തങ്ങൾ വാങ്ങിവച്ചിരുന്നു. ഇത് മറികടന്നാണ് പത്തോളം പേർ രക്ഷപ്പെട്ടത്.

ശ്രീലങ്കൻ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കാണാതായ മൂന്നു താരങ്ങളെ ബ്രിട്ടീഷ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് നിയമം ലംഘിച്ചില്ലെന്നും ആറു മാസത്തെ വിസയുള്ളവരാണെന്നും കണ്ട് ഇവർക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ, താരങ്ങളെ കാണാതായതിനെക്കുറിച്ച് പ്രതികരിക്കാൻ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമോ പൊലീസോ തയാറായിട്ടില്ല.

ഇതാദ്യമായല്ല ശ്രീലങ്കയിൽനിന്നു വിദേശത്ത് കായികമാമാങ്കങ്ങൾക്കു പോകുന്ന കായിക താരങ്ങളെ കാണാതാകുന്നത്. കഴിഞ്ഞ വർഷം നോർവേയിലെ ഓസ്‍ലോയിൽ നടന്ന ലോക ഗുസ്തി ചാംപ്യൻഷിപ്പിനു പോയ ലങ്കൻ പരിശീലകനെ കാണാതായിരുന്നു. 2014ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിനു പോയ രണ്ട് ശ്രീലങ്കൻ അത്‌ലറ്റുകളെയും കാണാതായിട്ടുണ്ട്.

shortlink

Post Your Comments


Back to top button