Latest News

തന്നെയും ഭാര്യയായി കൂടെ താമസിപ്പിക്കണം : കൂട്ടമരണത്തിന് മുൻപ് കാമുകി ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കുണ്ടാക്കി

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസിന്. നജ്‌ലയുടെയും മക്കളുടെയും മരണത്തിന് തൊട്ടുമുമ്പ് നജ്‌ലയുടെ ഭർത്താവും പൊലീസുകാരനുമായ റെനീസിന്റെ കാമുകി ഷ​ഹാന ക്വാർട്ടേഴ്സിലെത്തിയിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആർ ക്യാമ്പ് പൊലീസ് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്യുന്നത്. റെനീസിൻറെയും കാമുകി ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടർന്നാണ് നജ്‌ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തൽ ശരിവെക്കുന്നതാണ് തെളിവുകൾ. ഭർത്താവും പൊലീസുകാരനുമായ റെനീസിൻറെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബന്ധു കൂടിയായ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെയും അറസ്റ്റ് ചെയ്തു. കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് പൊലീസ് ക്വാർട്ടേഴ്സിൽ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ ഈ ക്യാമറയിൽ നിന്ന് കണ്ടെത്തിയത് നിർണായക ദൃശ്യങ്ങളാണ്.

ആത്മഹത്യ നടന്ന മെയ് ഒമ്പതിന് വൈകിട്ട് റെനീസിൻറെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിലെത്തിയതിൻറെ ദൃശ്യങ്ങൾ ലഭിച്ചു. ഹാളിൽവെച്ച് നജ്‌ലയുമായി വഴക്കിടുന്നതാണ് ദൃശ്യങ്ങളിൽ. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിക്കാൻ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്‌ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാർട്ടേഴ്സിൽ നിന്നും മടങ്ങിപ്പോകുന്നു. ഇതിന് ശേഷമാണ് നജ്‌ല പിഞ്ചുമക്കളെ കൊന്ന ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്നത്.

നജ്‌ലയ്ക്ക് വിവാഹ മോചനവും റെനീസ് നൽകിയിരുന്നില്ല. രണ്ടു ഭാര്യമാരെയും ഒന്നിച്ചു താമസിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ നജ്‌ലയ്ക്ക് ഇത് സമ്മതമായിരുന്നില്ല. സിസിടിവി ക്യാമറ ബന്ധിപ്പിച്ചിരുന്നത് റെനീസിൻറെ മൊബൈൽ ഫോണിലാണ്.  സംഭവ സമയം ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊലീസ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ജോലിയിലായിരുന്നു റെനീസ്. ആത്ഹത്യ ഉൾപ്പെടെ വീട്ടിൽ നടക്കുന്നതെല്ലാം റെനീസ് ഫോണിൽ തൽസമയം കണ്ടിരിക്കാമെന്ന് പൊലീസ് കരുതിയിരുന്നു.

എന്നാൽ, കൂട്ടമരണം നടന്ന കിടപ്പുമുറി ക്യാമറയുടെ പരിധിയിലില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. റെനീസിൻറെ വട്ടിപ്പലിശ ഇടപാടുകളെകുറിച്ചും പൊലീസ് പ്രത്യേകം കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. അതേസമയം, റെനീസിനെ സഹായിക്കുന്ന തരത്തിലാണ് ഈ കേസിലെ അന്വേഷണം എന്ന് ചൂണ്ടിക്കാട്ടി നജ്‌ലയുടെ കുടുംബം അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button