Latest NewsNewsIndia

പ്രസിഡന്റുമാർക്ക് ഓഫീസിൽ കസേരയില്ല: ദളിതർക്ക് കടുത്ത അവഗണന, റിപ്പോർട്ട്

42 പഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്ക് അവരുടെ പേരെഴുതിയ ബോർഡുകളില്ല.

ചെന്നൈ: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ദേശീയ പതാക ഉയർത്താനും അനുമതിയില്ലാതെ ദളിത് വിഭാഗം. ദളിത് പഞ്ചായത്ത് പ്രസി‍ഡന്റുമാർക്ക് ഓഫീസിൽ ഇരിക്കാൻ കസേരകൾ ഇല്ലെന്ന സർവേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. തമിഴ്‍നാട്ടിൽ 386 പഞ്ചായത്തുകളിൽ 22 പഞ്ചായത്തുകളിലെ ദളിത് പ്രസിഡന്റുമാർക്ക് കസേരയില്ലെന്നാണ് റിപ്പോർട്ട്. തമിഴ്നാട് ഇറാഡിക്കേഷൻ ഫ്രണ്ട് ആണ് സർവേ നടത്തിയത്.

തമിഴ്‌നാട്ടിലെ 24 ജില്ലകളിൽ നടത്തിയ സർവേയിൽ പല ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്കും ദേശീയ പതാക ഉയർത്താൻ പോലും അനുമതിയില്ലെന്നും കണ്ടെത്തി. ചിലയിടങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്കു തദ്ദേശ സ്ഥാപന ഓഫീസിൽ കയറാൻ പോലും അനുമതി നൽകുന്നില്ല. ചില പഞ്ചായത്തുകളിൽ ഔദ്യോ​ഗിക രേഖകൾ പരിശോധിക്കാനും അനുമതി നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലും തൊട്ടുകൂടായ്മ നിലവിലുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. അനീതിക്കെതിരെ നാം എത്രപോരാടിയാലും ചില വൈകൃത ചിന്താപ്രവർത്തികൾക്ക് അറുതിയില്ല.

Read Also: അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം

’42 പഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്ക് അവരുടെ പേരെഴുതിയ ബോർഡുകളില്ല. 14 പഞ്ചായത്തിലെ പ്രസിഡന്റുമാർക്ക് ഓഫീസിന്റെ താക്കോൽ നൽകിയിട്ടില്ല. ദളിത് വിഭാ​ഗത്തിൽ നിന്നുളളവർ പ്രസിഡന്റായിട്ടുളള 39 പഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്ക് തങ്ങളുടെ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലത്തെ രേഖകളും ഭൂപടവും കൈമാറിയിട്ടില്ല. 34 പഞ്ചായത്തുകളിലെ ദളിത് നേതാക്കൾ ആക്രമിക്കപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്’- സർവേ വ്യക്തമാക്കുന്നു.

അതേസമയം, സർവേ റിപ്പോർട്ട് വളരെ ദുഃഖകരമായതും ഞെട്ടിക്കുന്നതുമാണെന്ന് തമിഴ്നാട് ഇറാഡിക്കേഷൻ ഫ്രണ്ടിലെ കെ സാമുവൽ രാജ് പ്രതികരിച്ചു. ‘രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കസേരയിൽ ഇരിക്കാൻ പോലും അനുവദിക്കുന്നില്ല, ദേശീയ പതാക ഉയർത്താൻ അനുവദിക്കുന്നില്ല. 20 പഞ്ചായത്തുകളിൽ ഇത്തരമൊരു പ്രശ്‌നം നിലനിൽക്കുന്നു. ദളിത് പ്രസിഡന്റുമാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണം. അവരുടെ പരാതികൾ രേഖപ്പെടുത്താൻ സംവിധാനം നടപ്പാക്കണം’- കെ സാമുവൽ രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button