Latest NewsKeralaIndia

മോൺസന് തേങ്ങയും മാങ്ങയും മീനും എത്തിച്ചത് പോലീസ് വാഹനത്തിൽ, കോവിഡ് വാഹന പാസുകൾ പോലും ഐജി നൽകി: മുൻ ഡ്രൈവർ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസണും പോലീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോൻസന്റെ വീട്ടിലേക്കുള്ള തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്‌സന്റെ വെളിപ്പെടുത്തൽ. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു.

ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി. മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പോലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്.

ഐ ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ര്‍ജി പരിഗണിക്കാനായി ഈ മാസം 10ല്‍ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്.  പോലീസ് ഉദ്യോഗസ്ഥ‍ര്‍ക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

പോലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തിയിരുന്നു. ക്രൈംബ്രാഞ്ച് മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ ഇവ‍ര്‍ തട്ടിപ്പിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം, സസ്പെൻഷനും വകുപ്പുതല അന്വേഷണവും തുടരുകയാണെന്നും ക്രൈംബ്രാ‌ഞ്ച് വിശദീകരിക്കുന്നു. മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നാണ് ന്യായീകരണം.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകിയതിന് പിറകെ ആണ് നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്.

ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരൻ യാക്കൂബ് പുതിയപുരയിൽ പറയുന്നു. അതേസമയം, കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button