KeralaLatest NewsNews

സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മലപ്പുറം: ലോറിയില്‍ കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ക്കിടയില്‍ സ്‌ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. 10, 000 ഓഡിനറി ഡിറ്റനേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6, 750 കിലോ ജലാറ്റിന്‍ സ്റ്റിക് (54, 810 എണ്ണം), 38, 872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.

പാലക്കാട്‌ – കോഴിക്കോട് ദേശീയ പാത 213ല്‍ മലപ്പുറം മോങ്ങത്ത് വച്ച് കര്‍ണാടകയില്‍ നിന്ന് ജൈവ വളവുമായി എത്തിയ ലോറിയാണ് പിടികൂടിയത്.

കര്‍ണാടകയില്‍നിന്ന് കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരിരുന്നു ഇവ. ഗോഡൗണില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പോലീസ് റെയ്ഡില്‍ ആണ് ഇവ പിടികൂടിയത്.

സംസ്ഥാനത്തേക്ക് അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്‍.പി സി ബിനുകുമാര്‍, എ.എസ്.ഐമാരായ ഷൈജു കാളങ്ങാടന്‍, സാജു പൂക്കോട്ടൂര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാക്കിര്‍ സ്രാമ്പിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ് (40), കര്‍ണാടക സ്വദേശി ഹക്കീം (32) എന്നിവരെ കൊണ്ടോട്ടി പോലീസ് സംഭവ സമയത്ത് തന്നെ അറസ്റ്റു ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button